കൊവിഡ് വ്യാപനം കൂടിയ ഇടങ്ങളില്‍ ചാര്‍ജ് ഓഫീസര്‍മാരെ നിയമിച്ചു

ജില്ലയില്‍ കൊവിഡ് വ്യാപനം കൂടിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ചാര്‍ജ് ഓഫീസര്‍മാരെ നിയമിച്ചുകൊണ്ട് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് ഉത്തരവിട്ടു.
പ്രതിവാര ജനസംഖ്യാനുപാതിക രോഗബാധാ നിരക്കിന്റെ (ഡബ്ല്യുഐപിആര്‍) അടിസ്ഥാനത്തില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായാണ് ചാര്‍ജ് ഓഫീസര്‍മാരെ നിയമിച്ചത്.
ചാര്‍ജ് ഓഫീസര്‍മാര്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍, സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ എന്നിവരുമായി ചേര്‍ന്ന് കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. പ്രത്യേക യോഗങ്ങള്‍ വിളിച്ചു ചേര്‍ത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യണം. എല്ലാ ബുധനാഴ്ചയും ഡബ്ല്യുഐപിആര്‍ അടിസ്ഥാനമാക്കി ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ തദ്ദേശ സ്ഥാപനങ്ങളില്‍ ഫലപ്രദമായി നടപ്പാക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തണം. എല്ലാ ദിവസവും ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ നടക്കുന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തില്‍ ചാര്‍ജ് ഓഫീസര്‍മാര്‍ പങ്കെടുക്കുകയും അതില്‍ എടുക്കുന്ന തീരുമാനങ്ങള്‍ നടപ്പാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുകയും ചെയ്യണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിദിന കൊവിഡ് പരിശോധനകളുടെ എണ്ണവും പോസിറ്റീവ് കേസുകളുടെ എണ്ണവും ഡിഡിഎംഎ യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യാനും ചാര്‍ജ് ഓഫീസര്‍മാര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.