കൊവിഡ് വ്യാപനം: നിയന്ത്രണങ്ങൾ കടുപ്പിക്കും, ജാഗ്രതാ നിർദ്ദേശം

കൊവിഡ് വ്യാപനം ഏറി വരുന്ന സാഹചര്യത്തിൽ മുൻകരുതലെന്ന നിലയ്ക്ക് ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ 30% കിടക്കകൾ കൊവിഡ് ചികിത്സയ്ക്കായി മാറ്റിവെക്കണമെന്ന് ജില്ലാ ദുരന്തനിവാരണ സമിതി യോഗം നിർദ്ദേശിച്ചു. ജില്ലാ കലക്ടർ എസ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ യോഗത്തിന്റേതാണ് തീരുമാനം. ജില്ലയിലെ മുഴുവൻ ആരോഗ്യ പ്രവർത്തകർക്കും കൊവിഡ് ജാഗ്രത നിർദ്ദേശം നൽകിയതായി ഡിഎംഒ അറിയിച്ചു. നിയന്ത്രണങ്ങളുടെ ഭാഗമായി സെക്ടറൽ മജിസ്‌ട്രേറ്റ് സംവിധാനം ശക്തിപ്പെടുത്തും. പൊതുപരിപാടികളിൽ ആളുകളുടെ എണ്ണം നിയന്ത്രിക്കും. ഇക്കാര്യം ജനുവരി 15ന് ചേരുന്ന ജില്ലാ ആസൂത്രണ സമിതി യോഗം പ്രത്യേകം ചർച്ച ചെയ്യും. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് അധികം വേണ്ടവരെ ജില്ലാ ദുരന്തനിവാരണ സമിതി വഴി നിയമിക്കും. ഇത് സംബന്ധിച്ച എച്ച് ആർ പ്ലാൻ തയ്യാറാക്കാൻ ഡി.എം ഒ യെ ചുമതലപ്പെടുത്തി. ജില്ലയിൽ ആവശ്യത്തിന് വാക്‌സിൻ കരുതൽശേഖരം ഉള്ളതായി ആർ സി എച്ച് ഓഫീസർ അറിയിച്ചു. വ്യാഴാഴ്ച മുതൽ സ്‌പോട്ട് ബൂസ്റ്റർ വാക്‌സിനേഷൻ നടത്തുമെന്നും അവർ പറഞ്ഞു. ബി പി എൽ പെൻഷൻ സംബന്ധിച്ച മുഴുവൻ വിവരങ്ങളും ഉടൻ അയക്കാൻ തഹസിൽദാർമാർക്ക് ജില്ലാ കലക്ടർ നിർദ്ദേശം നൽകി. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി പി ദിവ്യ, മറ്റ് സമിതി അംഗങ്ങൾ എന്നിവരും യോഗത്തിൽ പങ്കെടുത്തു.