കൊവിഡ് 19 പ്രതിരോധമൊരുക്കി ഹോമിയോ വകുപ്പ്

കരുതലോടെ മുേന്നാട്ട് ഒക്‌ടോബര്‍ 25 മുതല്‍

കൊവിഡ് 19നെ തുടര്‍ന്ന് ദീര്‍ഘകാലമായി അടഞ്ഞ് കിടന്ന വിദ്യാലയങ്ങള്‍ നവംബര്‍ ഒന്നിന് തുറക്കുമ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് പ്രതിരോധമൊരുക്കാന്‍ ഹോമിയോ ഇമ്മ്യൂണ്‍ ബൂസ്റ്ററുമായി ആയുഷ് വകുപ്പ്. കരുതലോടെ മുന്നോട്ട് എന്ന പദ്ധതിയുടെ ഭാഗമായാണ് പ്രതിരോധ മരുന്ന് വിതരണം. ആയുഷ് വകുപ്പിനൊപ്പം പൊതുവിദ്യാഭ്യാസ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായാണ് പരിപാടി നടപ്പാക്കുക. സ്‌കൂള്‍ തുറക്കുന്നതിനു മുമ്പേ തന്നെ പരമാവധി കുട്ടികള്‍ക്ക് മരുന്ന് നല്‍കും. ഇതിനായി ഒക്‌ടോബര്‍ 25 മുതല്‍ 27 വരെ പ്രതേ്യക ഡ്രൈവ് നടത്തും. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഒക്‌ടോബര്‍ 25ന് രാവിലെ 10 മണിക്ക് ജില്ലാ ഹോമിയോ ആശുപത്രിയില്‍ നടക്കും. കണ്ണൂര്‍ ജില്ലയിലെ 1262 വിദ്യാലയങ്ങളില്‍ 407845 വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ടെന്നാണ് കണക്ക്. ഇവരുടെ വിവര ശേഖരണം പൂര്‍ത്തിയായി. പഞ്ചായത്ത് തലത്തില്‍ സ്‌കൂള്‍ അധ്യാപകരുടെയും രക്ഷാകര്‍ത്തൃ സമിതിയുടെയും സഹായത്തോടെ മുഴുവന്‍ രക്ഷിതാക്കള്‍ക്കും സപെഷ്യല്‍ ഡ്രൈവ് സംബന്ധിച്ച വിവരങ്ങള്‍ നല്‍കും. രജിസ്‌ട്രേഷന് കൊവിഡ് മാനദണ്ഡം പാലിച്ച് തിരക്കൊഴിവാക്കുന്നതിനായി പ്രത്യേക പോര്‍ട്ടല്‍ ഒരുക്കും. ഇതില്‍ രജിസ്റ്റര്‍ ചെയ്തതിന് ശേഷമാണ് മരുന്ന് കൈപ്പറ്റേണ്ടത്. പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്ന സമയത്ത് തന്നെ തൊട്ടടുത്ത് മരുന്ന് വിതരണത്തിനുള്ള കിയോസ്‌കും സമയവും തെരഞ്ഞെടുക്കുന്നതിന് സൗകര്യമുണ്ടാകും. 103 ഹോമിയോ ഡിസ്‌പെന്‍സറികള്‍ക്ക് പുറമെ 15 അധിക കിയോസ്‌കുകളും മരുന്നു വിതരണത്തിനായി ഒരുക്കും. ജില്ലയിലെ സര്‍ക്കാര്‍, നാഷണല്‍ ഹെല്‍ത്ത് മിഷന്‍, ആയുഷ് മിഷന്‍ എന്നീ മേഖലകളിലെ ഡോക്ടര്‍മാര്‍ക്ക് പുറമെ സ്വകാര്യ ഹോമിയോ ഡോക്ടര്‍മാരും ഇതില്‍ പങ്കാളികളാകും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റി എന്നിവര്‍ ചേര്‍ന്നാണ് കിയോസ്‌കുകള്‍ സ്ഥാപിക്കുക. പ്രതിരോധ മരുന്ന് ദിവസവും രാവിലെ വെറുംവയറ്റില്‍ ഒന്ന് വീതം മൂന്ന് ദിവസം തുടര്‍ച്ചയായി കഴിക്കണം. 21 ദിവസം കൂടുമ്പോള്‍ ഇത് ആവര്‍ത്തിക്കണം. അധ്യയന വര്‍ഷാവസാനം വരെ ഇത് തുടരും. പദ്ധതിക്കാവശ്യമായ മരുന്ന് എല്ലാ സ്ഥാപനങ്ങളിലും എത്തിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) ഡോ.അബ്ദുള്‍ സലാം അറിയിച്ചു.