കോതമംഗലത്ത് കാട്ടുപോത്തിന്റെ ആക്രമണം; ആദിവാസി യുവാവ് മരിച്ചു

കോതമംഗലം: കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ആദിവാസി യുവാവിന് ദാരുണാന്ത്യം.

കത്തിപ്പാറ ഉറിയംപട്ടി കോളനിയിലെ പൊന്നനാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം.വെളളാരംകുത്തില്‍ നിന്ന് താമസസ്ഥലത്തേക്ക് പോകുന്ന വഴിയാണ് ആക്രമണമുണ്ടായത്.

സംഭവം നടക്കുമ്പോള്‍ പൊന്നന്റെ കൂടെ മറ്റ് രണ്ട് പേര്‍ കൂടി ഉണ്ടായിരുന്നു. എന്നാല്‍ കാട്ടുപോത്തിനെ കണ്ടതോടെ ഇരുവരും ഓടി രക്ഷപ്പെടുകയായിരുന്നു. പൊന്നനെ കാട്ടുപോത്ത് കുത്തി വീഴ്ത്തുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ പൊന്നന്‍ മരിച്ചു.

കൂടെ ഉണ്ടായിരുന്നവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും ബന്ധുക്കളും സ്ഥലത്തെത്തിയത്. വാഹനം സൗകര്യം ഇല്ലാത്ത സ്ഥലത്താണ് ആക്രമണം ഉണ്ടായത്.