കോളജ് വിദ്യാര്‍ത്ഥിനിയെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചത് 15 വയസ്സുകാരനെന്ന് റിപ്പോർട്ട്.
മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയില്‍ കോളജ് വിദ്യാര്‍ത്ഥിനിയെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചത് 15 വയസ്സുകാരനെന്ന് റിപ്പോർട്ട്. കേസുമായി ബന്ധപ്പെട്ട് 15 വയസ്സുള്ള വിദ്യാര്‍ത്ഥിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങളെല്ലാം പൊലീസ് ശേഖരിച്ചിട്ടുണ്ട്. യുവതിയുടെ നാട്ടുകാരനായ വിദ്യാര്‍ത്ഥിയാണ് പൊലീസ് കസ്റ്റഡിയിലുള്ളത്.
ആക്രമിച്ചത് താനാണെന്ന് വിദ്യാര്‍ത്ഥി പൊലീസിന്റെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി റിപ്പോര്‍ട്ടുണ്ട്. ദേഹത്തേറ്റ പരിക്കിനെക്കുറിച്ച് ചോദിച്ചപ്പോള്‍ പട്ടി ഓടിച്ചപ്പോള്‍ ഉണ്ടായതെന്നാണ് ആദ്യം പ്രതി പൊലീസിനോട് പറഞ്ഞത്. എന്നാല്‍ സിസിടിവി ദൃശ്യങ്ങള്‍ അടക്കം നിരത്തി ചോദ്യം ചെയ്തതോടെയാണ് പ്രതി കുറ്റം സമ്മതിച്ചത്. പ്രതിയെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി സംഭവസ്ഥലം സന്ദര്‍ശിച്ചശേഷം മലപ്പുറം എസ് പി സുജിത് ദാസ് വ്യക്തമാക്കിയിരുന്നു.ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിക്കാണ് കൊണ്ടോട്ടി കോട്ടൂക്കര നെടിയിരിപ്പില്‍ വെച്ച് 21 കാരിയായ കോളജ് വിദ്യാര്‍ത്ഥിനിക്ക് നേരെ അക്രമമുണ്ടായത്. താടിയും മീശയുമില്ലാത്ത വെളുത്തു തടിച്ച ഒരാളാണ് ആക്രമിച്ചതെന്നും, പ്രതിയെ കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയുമെന്നും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞിരുന്നു.