കോവിഡ് വാക്സിൻ വിതരണത്തിനായി ചരക്ക് വിമാനങ്ങളും ഹെലിക്കോപ്റ്ററുകളും സജ്ജം

ന്യൂഡൽഹി: കോവിഡ് വാക്സിൻ വിതരണത്തിനായി ആവശ്യം വന്നാൽ ഉപയോഗിക്കുന്നതിനായി ചരക്ക് വിമാനങ്ങളും ഹെലിക്കോപ്റ്ററുകളും അടക്കമുള്ള 100 സംവിധാനങ്ങൾ സജ്ജമാക്കി ഇന്ത്യൻ വ്യോമസേന.

രാജ്യത്തെ ഒറ്റപ്പെട്ട പ്രദേശങ്ങളിലേക്ക് വാക്സിൻ എത്തിക്കാനുള്ള ദൗത്യം വ്യോമസേനയെ ഏൽപ്പിച്ചാൽ ഉടൻതന്നെ അത് ഏറ്റെടുത്ത് നടപ്പാക്കാനുള്ള മുന്നൊരുക്കങ്ങളാണ് വ്യോമസേന പൂർത്തിയാക്കിയിട്ടുള്ളത്.കേന്ദ്ര സർക്കാർ വാക്സിൻ വിതരണത്തിനുള്ള വിശദമായ പദ്ധതി തയ്യാറാക്കുന്നതിനിടെയാണിത്.

മൂന്ന് തരത്തിലുള്ള സംവിധാനമാണ് വ്യോമസേന കോവിഡ് വാക്സിൻ വിതരണത്തിനായി ഒരുക്കിയിട്ടുള്ളത്. സി – 17 ഗ്ലോബ്മാസ്റ്റർ, സി – 130 ജെ സൂപ്പർ ഹെർക്കുലീസ്, ഐ.എൽ 76 എന്നീ വമ്പൻ ചരക്ക് വിമാനങ്ങൾ ഉപയോഗിച്ചാവും വാക്സിൻ നിർമാണ കമ്പനികളിൽനിന്ന് വാക്സിൻ ശേഖരിച്ച് ശീതീകരണ സംവിധാനമുള്ള 28,000 കേന്ദ്രങ്ങളിലെത്തിക്കുക.

അവിടെനിന്ന് ചെറിയ കേന്ദ്രങ്ങളിലേക്ക് വാക്സിൻ എത്തിക്കാൻ എ.എൻ 32, ഡോണിയർ വിമാനങ്ങൾ ഉപയോഗിക്കും. എ.എൽഎച്ച്, ചീറ്റ, ചിനീക്ക് ഹെലിക്കോപ്റ്ററുകൾ ഉപയോഗിച്ചാവും അവസാന പോയിന്റുകളിൽ വാക്സിൻ എത്തിക്കുക.