കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രം നീക്കണമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ

കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രം നീക്കണമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനാണ് നിർദേശം നൽകിയത്. പ്രധാനമന്ത്രിയുടെ ചിത്രം വാക്സിൻ സർട്ടിഫിക്കറ്റിൽ ഉൾപ്പെടുത്തുന്നത് മാതൃക പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണെന്ന് കമ്മീഷൻ വിലയിരുത്തി.

വാക്സിനേഷനുമായി ബന്ധപ്പെട്ട നടപടികൾ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് വളരെ മുമ്പ് തയ്യാറക്കിയതാണെന്നും അതിനാലാണ് പ്രധാനമന്ത്രിയുടെ ചിത്രം സർട്ടിഫിക്കറ്റിൽ ഉൾപ്പെടുത്തിയതെന്നുമാണ് ആരോഗ്യ മന്ത്രാലയം നൽകിയ വിശദീകരണം
തൃണമൂൽ കോൺഗ്രസ് എം.പി ഡെറിക് ഒബ്രിയാനാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നത്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കേന്ദ്ര സർക്കാരും ബി.ജെ.പിയും ഔദ്യോഗിക സംവിധാനം ദുരുപയോഗം ചെയ്യുന്നുവെന്നായിരുന്നു തൃണമൂൽ കോൺഗ്രസിന്റെ പരാതി. പരാതിയെ സംബന്ധിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തോട് കമ്മീഷൻ വിശദീകരണം തേടിയിരുന്നു.