ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഇരട്ടകുട്ടികളില്‍ ഒരാള്‍ മരണമടഞ്ഞു
മാഞ്ചസ്റ്റര്‍: ഫുട്ബാള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഇരട്ടകുട്ടികളില്‍ ഒരാള്‍ മരണമടഞ്ഞു. റൊണാള്‍ഡോയുടെ കാമുകി ജോര്‍ജിന ഫെര്‍ണാണ്ടസ് ഇരട്ടകുട്ടികളെ ഗര്‍ഭം ധരിച്ചതായി റൊണാള്‍ഡോ മുൻപ് അറിയിച്ചിരുന്നു.
എന്നാല്‍ പ്രസവവേളയില്‍ അതില്‍ ഒരു കുഞ്ഞ് മരണമടയുകയായിരുന്നു. റൊണാള്‍ഡോ തന്നെയാണ് ഇക്കാര്യം സമൂഹമാദ്ധ്യമങ്ങള്‍ വഴി അറിയിച്ചത്.
ആണ്‍കുഞ്ഞ് മരിച്ചുപോയെന്നും പെണ്‍കുട്ടിയെ മാത്രമാണ് തങ്ങള്‍ക്ക് ജീവനോടെ ലഭിച്ചതെന്നും റൊണാള്‍ഡോ അറിയിച്ചു. മരണമടഞ്ഞ കുഞ്ഞ് തങ്ങളുടെ മാലാഖയാണെന്നും തങ്ങള്‍ എന്നെന്നും അവനെ സ്നേഹിക്കുമെന്നും റൊണാള്‍ഡോയും ജോര്‍ജിനയും ഒപ്പിട്ട സംയുക്ത പ്രസ്താവനയില്‍ പറയുന്നു.
ഞങ്ങളുടെ മകന്‍ മരിച്ചവിവരം ഏറെ ദുഃഖത്തോടെ അറിയിക്കുന്നു. ഏതൊരു മാതാപിതാക്കള്‍ക്കും ഏറ്റവും വലിയ വേദനയാണിത്. ഞങ്ങളുടെ പെണ്‍കുട്ടിയുടെ ജനനമാണ് ഈ നിമിഷത്തില്‍ ഞങ്ങള്‍ക്ക് ജീവിക്കാനുള്ള ശക്തി നല്‍കുന്നത്. ഡോക്ടര്‍മാരോടും നഴ്സുമാരോടും അവരുടെ സേവനത്തിനും കരുതലിനുമുള്ള നന്ദി അറിയിക്കുന്നു. ഈ നഷ്ടത്തില്‍ ഞങ്ങളെല്ലാവരും തകര്‍ന്നിരിക്കുകയാണ്, ഈ സമയത്ത് സ്വകാര്യതയാണ് ഞങ്ങള്‍ക്ക് വേണ്ടത്, പ്രിയപ്പെട്ട മകനേ, നീ ഞങ്ങളുടെ മാലാഖയായിരുന്നു, ഞങ്ങള്‍ എപ്പോഴും നിന്നോടൊപ്പമുണ്ട്, ഒരുപാട് സ്‌നേഹവുമുണ്ട്’ റൊണാള്‍ഡോ കുറിച്ചു