ക്ഷീര വികസന വകുപ്പ് മാധ്യമ അവാര്‍ഡ്; അപേക്ഷ ക്ഷണിച്ചു

കഴിഞ്ഞ വര്‍ഷം ക്ഷീര വികസന മേഖലയില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ ഉദ്യോഗസ്ഥര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും പുരസ്‌കാരം നല്‍കുന്നു. ക്ഷീര വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 11,12,13 തീയതികളില്‍ കൊല്ലത്ത് നടക്കുന്ന സംസ്ഥാന ക്ഷീര സംഗമത്തോടനുബന്ധിച്ചാണ് പുരസ്‌കാരം. ഇതിന്റെ ഭാഗമായി മാധ്യമ പ്രവര്‍ത്തകര്‍ക്ക് ‘ കൊവിഡ് 19 സാഹചര്യത്തില്‍ ക്ഷീരമേഖലയുടെ പ്രസക്തി’ എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാറും സംഘടിപ്പിക്കും.

മികച്ച പത്ര റിപ്പോര്‍ട്ട്, പത്ര ഫീച്ചര്‍, ഫീച്ചര്‍/ലേഖനം( കാര്‍ഷിക മാസികകള്‍), പുസ്തകം(ക്ഷീര മേഖല), ശ്രവ്യ മാധ്യമ ഫീച്ചര്‍, ദൃശ്യ മാധ്യമ റിപ്പോര്‍ട്ട്, ദൃശ്യ മാധ്യമ ഫീച്ചര്‍, ദൃശ്യമാധ്യമ ഡോക്യുമെന്ററി/ മാഗസിന്‍ പ്രോഗ്രാം, ഫോട്ടോ ഗ്രാഫ് ( അതിജീവനം ക്ഷീര മേഖലയിലൂടെ) എന്നീ വിഭാഗങ്ങളില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കും മികച്ച ഫീച്ചര്‍ (ദിനപത്രം, ആനുകാലികം), മികച്ച ഫോട്ടോഗ്രാഫ്(അതിജീവനം ക്ഷീര മേഖലയിലൂടെ) എന്നീ വിഭാഗങ്ങളില്‍ ക്ഷീര വികസന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും അപേക്ഷിക്കാം. എന്‍ട്രികള്‍ 2020 ജനുവരി ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ പ്രസിദ്ധീകരിച്ചതായിരിക്കണം.

പുരസ്‌കാരത്തിനര്‍ഹരാകുന്നവര്‍ക്ക് 25000 രൂപയും പ്രശസ്തി പത്രവും ഫലകവും ലഭിക്കും. വിശദ വിവരങ്ങള്‍ www.dairydevelopment.kerala.gov.in ല്‍ ലഭിക്കും. അപേക്ഷകള്‍ കെ ശശികുമാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍(പ്ലാനിംഗ്), ക്ഷീര വികസന വകുപ്പ് ഡയറക്ടറേറ്റ്, പട്ടം പി ഒ, തിരുവനന്തപുരം 695004 എന്ന വിലാസത്തില്‍ ജനുവരി 29ന് വൈകിട്ട് അഞ്ച് മണിക്കകം ലഭിക്കണം. ഫോണ്‍: 9446376988, 9745195922.