ക്ഷേമ പെൻഷന് വർഷം തോറും ബയോമെട്രിക് മസ്റ്ററിങ് നിർബന്ധം

തിരുവനന്തപുരം: സർക്കാർ നൽകുന്ന ക്ഷേമ പെൻഷനും ക്ഷേമനിധി ബോർഡുകളിൽ നിന്നുള്ള ക്ഷേമ പെൻഷനും വാങ്ങുന്നവർ ജീവിച്ചിരിക്കുന്നുവെന്ന് തെളിയിക്കാൻ ഇനി എല്ലാവർഷവും അക്ഷയ കേന്ദ്രങ്ങൾ വഴിയുള്ള ബയോമെട്രിക് മസ്റ്ററിങ് നിർബന്ധം. മസ്റ്ററിങ് നടത്തുന്നതിന് പെൻഷൻ വാങ്ങുന്നവർ തന്നെ ഫീസ് നൽകണമെന്ന് വ്യക്തമാക്കി ധന വകുപ്പ് ഉത്തരവിറക്കി.

ഇതുവരെ സർക്കാരാണ് ഈ ഫീസ് അക്ഷയ കേന്ദ്രങ്ങൾക്ക് നൽകിയിരുന്നത്. അക്ഷയ കേന്ദ്രങ്ങളിൽ എത്തി വിരലടയാളം, കൃഷ്ണമണിയുടെ ഘടന തുടങ്ങിയവ രേഖപ്പെടുത്തുന്നതാണ് മസ്റ്ററിങ്. ഇത് കേന്ദ്രങ്ങളിലെത്തി നടത്താൻ 30 രൂപയാണ് ഫീസ്. ശാരീരിക- മാനസിക വെല്ലുവിളികൾ നേരിടുന്നവർ, കിടപ്പു രോഗികൾ, വയോജനങ്ങൾ എന്നിങ്ങനെ ഉള്ളവർക്ക് അക്ഷയ കേന്ദ്രങ്ങളിൽ അറിയിച്ചാൽ വീട്ടിലെത്തി ചെയ്ത് കൊടുക്കും. അതിന് 50 രൂപ നൽകണം.

നേരത്തേ വീട്ടിലെത്തി മസ്റ്ററിങ് നടത്തുന്നതിന് അക്ഷയ കേന്ദ്രങ്ങൾക്ക് സർക്കാർ 130 രൂപയാണ് നൽകിയിരുന്നത്. ഇത് അമിതമാണെന്നും ഭാരിച്ച ചെലവ് ഉണ്ടാക്കുന്നുവെന്നും വിലയിരുത്തിയാണ് 50 രൂപയായി കുറച്ചത്. ഈ വർഷം ഏപ്രിൽ ഒന്നിന് മസ്റ്ററിങ് തുടങ്ങി. ജൂൺ 30 വരെ നീളും. അതിനകം മസ്റ്ററിങ് പൂർത്തിയാക്കാത്തവർക്ക് പെൻഷൻ മുടങ്ങും. 2024 മുതൽ എല്ലാ വർഷവും ജനുവരി ഒന്ന് മുതൽ ഫെബ്രുവരി അവസാനം വരെയാണ് മസ്റ്ററിങ് നടത്തുക. നിശ്ചിത ദിവസങ്ങൾക്കകം ചെയ്യാനാകാത്തവർക്ക് എല്ലാ മാസവും 1 മുതൽ 20 വരെ നടത്താം. അവർക്ക് മസ്റ്ററിങ് നടത്തിയ മാസം മുതലുള്ള ക്ഷേമ പെൻഷൻ മാത്രമേ നൽകൂ. മസ്റ്ററിങ് നടത്താത്ത മാസങ്ങളിലെ കുടിശ്ശിക നൽകില്ല.