കർണാടകത്തിൽ ക്വാറിയിലേക്ക് പോവുകയായിരുന്ന ട്രക്കിൽ നടന്ന പൊട്ടിത്തെറിയിൽ എട്ട് മരണം

ഷിമോഗ: കർണാടകത്തിൽ ക്വാറിയിലേക്ക് പോവുകയായിരുന്ന ട്രക്കിൽ നടന്ന പൊട്ടിത്തെറിയിൽ എട്ട് മരണം. മൃതദേഹങ്ങൾ ചിന്നിച്ചിതറി. പൊട്ടിത്തെറിയുടെ പ്രകമ്പനം നാല് ജില്ലകളിൽ അനുഭവപ്പെട്ടു. ആദ്യം ഭൂചലനമെന്നാണ് കരുതിയത്. എന്നാൽ പിന്നീടാണ് സ്ഫോടനത്തിന്റെ പ്രകമ്പനമാണ് അനുഭവപ്പെട്ടത് എന്ന് മനസിലായത്.

ഹുനസൊണ്ടി എന്ന സ്ഥലത്ത് ഇന്നലെ രാത്രി 10.30 ഓടെയാണ് സംഭവമുണ്ടായത്. ക്വാറിക്ക് സമീപമാണ് സ്ഫോടനം നടന്നത്. ക്വാറിക്ക് സമീപം നിർത്തിയിട്ട ട്രക്കിലെ ജലാറ്റിൻ സ്റ്റിക്കുകൾ പൊട്ടിത്തെറിക്കുകയായിരുന്നു. ക്വാറിയിൽ സൂക്ഷിച്ചിരുന്ന ഡൈനാമിറ്റും ഉഗ്രസ്ഫോടനത്തിന് കാരണമായതായാണ് സൂചന.

ക്രഷർ യൂണിറ്റിലേക്ക് കൊണ്ടുപോവുകയായിരുന്ന ജലാറ്റിൻ സ്റ്റിക്കുകളാണ് പൊട്ടിത്തെറിച്ചതെന്ന് ജില്ലാ കളക്ടർ പറഞ്ഞു.

അപകടത്തെ തുടർന്ന് ഉണ്ടായ പ്രകമ്പനത്തിൽ റോഡുകളിൽ വിള്ളൽ വീണു. വീടുകൾക്ക് കേടുപാട് സംഭവിച്ചു.