കർഷക പ്രതിഷേധത്തിന് വീണ്ടും പിന്തുണയറിയിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ.

ഡൽഹിയിൽ നടക്കുന്ന കർഷക പ്രതിഷേധത്തിന് വീണ്ടും പിന്തുണയറിയിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. സമാധാനപരമായി സമരം ചെയ്യുന്നവരുടെ അവകാശങ്ങൾക്കൊപ്പമാണ് കാനഡ നിലകൊള്ളുന്നതെന്ന് ട്രൂഡോ വ്യക്തമാക്കി.

ഇന്ത്യയിൽ നിന്നുവരുന്ന വാർത്തകൾ ആശങ്കാജനകമാണെന്നും അവകാശങ്ങൾക്ക് വേണ്ടി സമാധാനപരമായി പോരാടുന്ന കർഷകർക്കൊപ്പമാണ് കാനഡ നിലകൊള്ളുന്നതെന്നുമായിരുന്നു ട്രൂഡോ ആദ്യം നടത്തിയ പരാമർശം

കർഷക പ്രതിഷേധം സംബന്ധിച്ച് ട്രൂഡോ മുമ്പ് നടത്തിയ പ്രസ്താവനയിൽ പ്രതിഷേധമറിയിക്കാൻ കനേഡിയൻ ഹൈക്കമ്മീഷ്ണറെ ഇന്ത്യ വിളിച്ചുവരുത്തിയതിന് പിന്നാലെയാണ് ട്രൂഡോ നിലപാട് വീണ്ടും വ്യക്തമാക്കിയത്.കർഷകരെ സമരത്തെ പിന്തുണച്ച് സംസാരിച്ച ആദ്യ വിദേശ രാജ്യത്തലവനും ട്രൂഡോയായിരുന്നു.

കനേഡിയൻ നേതാക്കളുടെ പ്രസ്താവന ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ബാധിക്കുമെന്ന ഇന്ത്യയുടെ മുന്നറിയിപ്പ് സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കവെയാണ് ട്രൂഡോ നിലപാട് ആവർത്തിച്ചത്. അതേസമയം കഴിഞ്ഞ പത്ത് ദിവസമായി ഡൽഹിയിൽ തുടരുന്ന കർഷക സമരം പരിഹരിക്കാൻ നരേന്ദ്ര മോദി സർക്കാർ കർഷക സംഘടനകളുമായി നടത്തുന്ന ചർച്ചകളെ ട്രൂഡോ സ്വാഗതം ചെയ്തു.