ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു. 79 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. “നാനൂറിലേറെ സിനിമകളിലും കാസറ്റുകളിലുമായി അയ്യായിരത്തോളം പാട്ടുകൾ അദ്ദേഹം എഴുതി. ചുരുങ്ങിയ സമയത്തിൽ സിനിമയുടെ കഥാസന്ദർഭത്തിനുചേരുംവിധം കാവ്യഭംഗിയുള്ള രചനകൾ നടത്തുന്നതിൽ പ്രഗത്ഭനായിരുന്നു. ജല അതോറിട്ടി റിട്ട.ജീവനക്കാരി പ്രസന്നകുമാരിയാണ് ഭാര്യ. മകൻ സുമൻ ശങ്കർ ബിച്ചു(സംഗീത സംവിധായകൻ).

മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് രണ്ടുതവണ ലഭിച്ചു – 1981 ലും (തൃഷ്ണ,– ‘ശ്രുതിയിൽനിന്നുയരും…’, തേനും വയമ്പും– ‘ഒറ്റക്കമ്പി നാദം മാത്രം മൂളും…’ ), 1991 ലും (കടിഞ്ഞൂൽ കല്യാണം- ‘പുലരി വിരിയും മുമ്പേ…’, ‘മനസിൽ നിന്നു മനസിലേക്കൊരു മൗന സഞ്ചാരം…’). സുകുമാർ അഴീക്കോട് തത്വമസി പുരസ്കാരം, കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ ചലച്ചിത്രരത്നം പുരസ്കാരം, സ്വാതി–പി ഭാസ്കരൻ ഗാനസാഹിത്യപുരസ്കാരം തുടങ്ങിയവയ്ക്കും അർഹനായി.

1942 ഫെബ്രുവരി 13ന് ചേർത്തല അയ്യനാട്ടുവീട്ടിൽ സി.ജി ഭാസ്കരൻ നായരുടെയും പാറുക്കുട്ടിയുടെയും മൂത്തമകനായാണ് ബിച്ചു തിരുമല എന്ന ബി.ശിവശങ്കരൻ നായരുടെ ജനനം. അറിയപ്പെടുന്ന പണ്ഡിതൻ കൂടിയായിരുന്ന മുത്തച്ഛൻ വിദ്വാൻ ഗോപാലപിള്ള സ്നേഹത്തോടെ വിളിച്ച വിളിപ്പേരാണ് ബിച്ചു. തിരുവനന്തപുരം തിരുമലയിലേക്ക് താമസം മാറിയതോടെ അദ്ദേഹം ബിച്ചു തിരുമലയായി. ഗായിക സുശീലാ ദേവി, വിജയകുമാർ, ഡോ.ചന്ദ്ര, ശ്യാമ, ദർശൻരാമൻ എന്നിവരാണ് സഹോദരങ്ങൾ.