ഗർഭപാത്രത്തിനുള്ളിൽ കുഞ്ഞിന് ഹൃദയ ശസ്ത്രക്രിയ; അത്യപൂർവ നേട്ടം കൈവരിച്ച് ഡൽഹി എയിംസ്

ഗർഭപാത്രത്തിനുള്ളിൽ കുഞ്ഞിന് ഹൃദയശസ്ത്രക്രിയ നടത്തി വിജയിച്ച് ഡൽഹി എയിംസ്. ബലൂൺ ഡൈലേഷൻ ശസ്ത്രക്രിയയാണ് വിദഗ്ധ സംഘം വിജയകരമായി ചെയ്തത്. 28 വയസുള്ള അമ്മയുടെ വയറിലൂടെയാണ് ശസ്ത്രക്രിയ നടത്തിയത്.

തുടർച്ചയായി മൂന്ന് തവണ ഗർഭം അലസിയതിന് ശേഷം ലഭിച്ച കുഞ്ഞാണ് ഇതെന്ന് കുട്ടിയുടെ അമ്മ പറയുന്നു. എന്നാൽ കുഞ്ഞിന്റെ ഹൃദയാരോഗ്യത്തിൽ ഡോക്ടർമാർ സംശയം പ്രകടിപ്പിച്ചു. ഭയപ്പെടേണ്ടതില്ലെന്നും ഗർഭാവസ്ഥയിൽ തന്നെ മാറ്റിയെടുക്കാൻ കഴിയുന്നതാണെന്നും ഡോക്ടർമാർ പറഞ്ഞു. ഇതിന് പിന്നാലെ നിലവിലെ ഗർഭം അലസിപ്പിക്കാതെ മുന്നോട്ട് പോകാൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് എയിംസിലെ കാർഡിയോതൊറാസിക് സയൻസസ് സെന്ററിലെ വിദഗ്ധ സംഘം കുഞ്ഞിന്റെ ആരോഗ്യത്തിനായി ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചു.

അൾട്രാസൗണ്ട് സ്‌കാനിംഗിലൂടെയാണ് കുഞ്ഞിന്റെ ഓരോ ചലനങ്ങളും ഡോക്ടർമാർ വിശകലനം ചെയ്തത്. കുഞ്ഞിന്റെ ഹൃദയവാൽവിനാണ് തകരാർ എന്ന് സ്‌കാനിംഗിലൂടെ കണ്ടെത്തി. തുടർന്ന് അമ്മയുടെ വയറ്റിലൂടെ കുഞ്ഞിന്റെ ഹൃദയ ഭാഗത്തേക്ക് സൂചി കയറ്റി, ബലൂൺ കത്തീറ്റർ ഉപയോഗിച്ച് തടസ്സപ്പെട്ട വാൽവ് തുറന്നു. രക്തയോട്ടം മെച്ചപ്പെടുത്തുന്നതിനാണ് ഇത്തരത്തിൽ കത്തീറ്റർ ഉപയോഗിച്ചത്. ഏറെ പ്രയാസപ്പെട്ട ശസ്ത്രക്രിയയാണ് നടത്തിയതെന്ന് ഡോക്ടർമാർ വ്യക്തമാക്കി.

ശസ്ത്രക്രിയയ്‌ക്ക് പിന്നാലെ കുഞ്ഞിന്റെ ഹൃദയ വികാസം വർദ്ധിക്കുമെന്നും ജനന സമയത്ത് ഹൃദ്രോഗ സാധ്യതകൾ കുറവായിരിക്കുമെന്നും ഡോക്ടർമാർ വ്യക്തമാക്കി. പ്രക്രിയയ്‌ക്ക് ശേഷം ഗർഭപിണ്ഡവും അമ്മയും സുരക്ഷിതമായിരിക്കുന്നതായും പൂർണ നിരീക്ഷണത്തിലാണെന്നും ആരോഗ്യവിഭാഗം അറിയിച്ചു.

കുഞ്ഞ്, അമ്മയുടെ വയറ്റിൽ ആയിരിക്കുമ്പോൾ തന്നെ ചില ഗുരുതര രോഗങ്ങൾ കണ്ടെത്താൻ കഴിയും. അതിൽ ചിലത് ഗർഭപാത്രത്തിനുള്ളിൽ വെച്ച് തന്നെ ഭേദമാകാവുന്നതാണ്. എന്നാൽ ചിലത് ജനന ശേഷം മാത്രമാണ് സാധ്യമാകുക. കുഞ്ഞിന്റെ ഹൃദയവാൽവിലുണ്ടായ തടസം നീക്കുന്ന പ്രക്രിയയാണ് ബലൂൺ ഡൈലേഷൻ. ഇത് ഏറെ സങ്കീർണമായ പ്രക്രിയ ആണെന്ന് എയിംസിലെ ഡോക്ടർമാർ പറയുന്നു. ഹൃദയ അറയിൽ ക്ഷതമേൽക്കാതെ നോക്കിയാണ് ഇത് ചെയ്യുക. അല്ലാത്ത പക്ഷം കുഞ്ഞിന്റെ മരണത്തിന് പോലും കാരണമാകും. 90 സെക്കൻഡ് സമയം കൊണ്ടാണ് ബൃഹത്തായ ശസ്ത്രക്രിയ വിജയത്തിലെത്തിച്ചതെന്ന് എയിംസിലെ ഡോക്ടർമാർ വ്യക്തമാക്കി.

സാധാരണഗതിയിൽ ആൻജിയോഗ്രാഫിയുടെ സഹായത്തോടെയാണ് ഹൃദയ ശസ്ത്രക്രിയ നടത്തുന്നത്. എന്നാൽ ഗർഭാവസ്ഥയിലുള്ള കുഞ്ഞിന്റെ കാര്യത്തിൽ ഇത് സാധ്യമല്ലാത്തതിനാൽ അൾട്രാസൗണ്ട് മാർഗത്തിലൂടെയാണ് ശസ്ത്രക്രിയ നടത്തിയത്. വളരെ പെട്ടെന്ന് ചെയ്താൽ മാത്രമാണ് ലക്ഷ്യം കൈവരിക്കുകയുള്ളൂവെന്നതും വിദഗ്ധ സംഘത്തിന് വെല്ലുവിളിയായിരുന്നു.