ഗർഭിണിയായ യുവതിയെ പൊരിവെയിലിൽ മൂന്ന് കിലോമീറ്റർ നടത്തിച്ച പോലീസ് ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്തു

ഭുവനേശ്വർ: ഒഡിഷയിലെ മയൂർബഞ്ജിയിൽ ആശുപത്രിയിലേയ്ക്ക് പോവുകയായിരുന്ന ഗർഭിണിയായ യുവതിയെ പൊരിവെയിലിൽ മൂന്ന് കിലോമീറ്റർ നടത്തിച്ച പോലീസ് ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്തു.

ഭർത്താവിനൊപ്പം ആശുപത്രിയിൽ പരിശോധനയ്ക്ക് പോവുകയായിരുന്ന ഗുരുബാരി എന്ന യുവതിയെ ബൈക്കിന്റെ പിൻസീറ്റിൽ ഹെൽമറ്റ് ധരിക്കാതെ ഇരുന്നതിന്റെ പേരിലാണ് പോലീസ് തടഞ്ഞത്. ആരോഗ്യപ്രശ്നങ്ങൾ കാരണമാണ് ഗുരുബാരി ഹെൽമറ്റ് ധരിക്കാതിരുന്നതെന്ന് ഭർത്താവ് ബിക്രം ബിരുലി പറഞ്ഞുനോക്കിയെങ്കിലും സാരത്ത് പോലീസ് സ്റ്റേഷനിലെ ഓഫീസർ ഇൻ ചാർജായ റീന ബക്സൽ അത് ചെവിക്കൊണ്ടില്ല.

പിഴയായി അഞ്ഞൂറ് രൂപ അടയ്ക്കണമെന്ന് ശഠിച്ച റീന ബക്സൽ പിഴ മൂന്ന് കിലോമീറ്റർ അകലെയുള്ള പോലീസ് സ്റ്റേഷനിൽ നേരിട്ട് പോയി അടയ്ക്കണമെന്നും ആവശ്യപ്പെട്ടു. ഇതിനെ തുടർന്ന് പൊരിവെയിലിൽ ഭാര്യയെയും കൂട്ടി നടന്നുപോയി പിഴ അടച്ചശേഷം ബിക്രം ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് ഇതു സംബന്ധിച്ച് പരാതി നൽകി. ഇതിനെ തുടർന്നാണ് റീന ബക്സലിനെ മയൂർബഞ്ജ് എസ്.പി അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്.