ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് രജിസ്ട്രേഷൻ ഇന്ന് ആരംഭിക്കും.

മാർച്ച് 18 മുതൽ 25 വരെ സംഘടിപ്പിക്കുന്ന 26 മത് രാജ്യാന്തര ചലച്ചിത്രമേളയുടെ സംഘാടക സമിതി രൂപീകരിച്ചു. ഡെലിഗേറ്റ് രജിസ്ട്രേഷൻ ഇന്ന് ആരംഭിക്കും. മേളയിലെ തെരഞ്ഞെടുത്ത ചിത്രങ്ങൾ ഉൾപെടുത്തി ഏപ്രിലിൽ കൊച്ചിയിൽ പ്രാദേശിക രാജ്യാന്തര ചലച്ചിത്രമേള നടത്തുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടന പ്രസംഗത്തിൽ പ്രഖ്യാപിച്ചു.

ഇന്ന് രാവിലെ 10 മണി മുതൽ www.iffk.in എന്ന വെബ്സൈറ്റിൽ നൽകിയിട്ടുള്ള ലിങ്കിലൂടെ ഡെലിഗേറ്റ് രജിസ്ട്രേഷൻ നടത്താവുന്നതാണ്. പൊതു വിഭാഗത്തിന് 1000 രൂപയും വിദ്യാർഥികൾക്ക് 500 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. മേളയുടെ മുഖ്യവേദിയായ ടാഗോർ തീയറ്ററിൽ സജ്ജീകരിച്ച ഡെലിഗേറ്റ് സെൽ മുഖേന നേരിട്ടും രജിസ്ട്രേഷൻ നടത്താം. ഈ വർഷം മുതൽ വിദ്യാർഥികൾക്കും ഓഫ്‌ലൈൻ രജിസ്ട്രേഷൻ സൗകര്യം ഒരുക്കിയിട്ടുണ്ട്.