ചലച്ചിത്ര നടൻ അനിൽ നെടുമങ്ങാട് മുങ്ങി മരിച്ചു

തിരുവനന്തപുരം: ചലച്ചിത്ര നടൻ അനിൽ നെടുമങ്ങാട് (48) മുങ്ങി മരിച്ചു. സുഹൃത്തുക്കൾക്കൊപ്പം തൊടുപുഴ മലങ്കര ഡാമിൽ കുളിക്കാനിറങ്ങിയപ്പോൾ കയത്തിൽപ്പെടുകയായിരുന്നു. ഏറെ നേരത്തെ തിരച്ചിലിനൊടുവിലാണ് അനിലിനെ കരയ്ക്ക് എത്തിക്കാനായത്

ആറ് മണിയോടടുത്തായിരുന്നു സംഭവം. ജോജു ജോർജ്ജ് നായകനായ ‘പീസ്’ സിനിമയുടെ ഷൂട്ടിങ്ങിനായാണ് അനിൽ നെടുമങ്ങാട് തൊടുപുഴയിലെത്തിയത്.

കമ്മട്ടിപ്പാടം, അയ്യപ്പനും കോശിയും സിനിമകളിൽ പ്രധാന വേഷങ്ങൾ ചെയ്തിരുന്നു. ആഭാസം, കിസ്മത് തുടങ്ങിയ സിനിമകളിലും വേഷമിട്ടിട്ടുണ്ട്. സമീപ കാലത്തിറങ്ങിയ നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത നടനാണ് അനിൽ നെടുമങ്ങാട്.

സിനിമയുടെ ഷൂട്ടിങ് ഇടവേളക്കിടയിൽ തൊട്ടടുത്തുള്ള ഡാമിൽ കുളിക്കാനിറങ്ങിയതായിരുന്നു. ഈ സമയം കയത്തിൽപ്പെടുകയായിരുന്നു.

മൃതദേഹം സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിലെത്തിക്കുമ്പോൾ തന്നെ മരണപ്പെട്ടിരുന്നുവെന്നാണ് വിവരം. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റും.