ചലച്ചിത്ര പരസ്യ സംവിധായകൻ കെ.എൻ.ശശിധരൻ അന്തരിച്ചു
കൊച്ചി: ചലച്ചിത്ര പരസ്യ സംവിധായകൻ കെ.എൻ.ശശിധരൻ അന്തരിച്ചു. ഇടപ്പള്ളിയിലെ വസതിയിൽ വച്ച് ഇന്ന് പുലർച്ചെ ആയിരുന്നു അന്ത്യം. ഉറക്കമെഴുന്നേൽക്കാത്തതിനെ തുടർന്ന് വീട്ടുകാരെത്തി നോക്കിയപ്പോഴാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടത്.
പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ബിരുദം കരസ്ഥമാക്കിയ കെ.എൻ.ശശിധരൻ സിനിമാ മേഖലയിലാണ് തുടക്കം കുറിക്കുന്നത്. പി.കെ.നന്ദനവർമ്മയുടെ അക്കരെ എന്ന നോവലിനെ അടിസ്ഥാനമാക്കി അതേ പേരിൽ തന്നെ ചിത്രമൊരുക്കി. ആദ്യ സംവിധാന സംരംഭമായിരുന്നു ഇത്. സിനിമയുടെ തിരക്കഥയും സംഭാഷണവും ശശിധരൻ നിർവഹിച്ചു.
കാണാതായ പെൺകുട്ടി, നയന തുടങ്ങിയ ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. പിന്നീട് സിനിമാ സംവിധാനത്തിൽ നിന്നും പരസ്യ ചിത്രങ്ങളിലേക്ക് തിരിഞ്ഞു. ആദ്യകാലത്തെ പ്രശസ്തമായ പരസ്യ ചിത്രങ്ങളിലൊന്നായ ‘ വന്നല്ലോ വന്നല്ലോ വനമാല വന്നല്ലോ’ എന്ന പരസ്യം ഒരുക്കിയത് ശശികുമാറാണ്.