ചികിത്സയ്ക്കിടെ മറ്റൊരു യുവതികൂടി തങ്കം ആശുപത്രിയിൽ മരിച്ചു

പാലക്കാട്: ചികിത്സയ്ക്കിടെ മറ്റൊരു യുവതികൂടി തങ്കം ആശുപത്രിയിൽ മരിച്ചു. കോങ്ങാട് ചെറായ കാക്കറത്ത് ഹരിദാസിന്റെ മകള്‍ കാര്‍ത്തികയാണ് (27) ചൊവ്വാഴ്ച രാത്രി മരിച്ചത്.

ചെറുപ്പത്തില്‍ പോളിയോ ബാധിച്ച കാര്‍ത്തികയുടെ കാലില്‍ ശസ്ത്രക്രിയ നടത്താന്‍ ചൊവ്വാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചതാണെന്ന് ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍, ശസ്ത്രക്രിയയ്ക്കുള്ള തയ്യാറെടുപ്പിനിടെ കാര്‍ത്തിക മരിക്കുകയാണുണ്ടായത്.

അനസ്‌തേഷ്യ നല്‍കിയതിലെ അപാകമാണ് മരണകാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. രാത്രി ഒമ്പതോടെയാണ് മരണവിവരം അറിയിച്ചതെന്നും കാര്‍ത്തിക നേരത്തേ മരിച്ചെന്നും വിവരം ആശുപത്രി അധികൃതര്‍ മറച്ചുവെച്ചെന്നുമാണ് ബന്ധുക്കളുടെ ആരോപണം. ആശുപത്രിക്ക് മുന്നില്‍ ഇവര്‍ പ്രതിഷേധിച്ചതിനെത്തുടര്‍ന്ന് പാലക്കാട് ടൗണ്‍ സൗത്ത് പോലീസ് എത്തി. ബന്ധുക്കളോട് സംസാരിച്ചശേഷം മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കുലുക്കിലിയാട് സര്‍വീസ് സഹകരണബാങ്കിലെ ക്ലാര്‍ക്കാണ് കാര്‍ത്തിക. അമ്മ: ഉഷ. സഹോദരന്‍: ഹരിശങ്കര്‍ (കാനഡ).