ചിറക്കല്‍ കോവിലകത്തെ വലിയരാജ രവീന്ദ്രവര്‍മ്മ അന്തരിച്ചു.

കണ്ണൂര്‍:ചിറക്കല്‍ കോവിലകത്തെ വലിയരാജ രവീന്ദ്രവര്‍മ്മ (88) അന്തരിച്ചു. ദേഹാസ്വസ്ഥത്തെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലാണ് മരണം. സംസ്‌കാരം ശനിയാഴ്ച നടക്കും.

രവീന്ദ്രവര്‍മ്മരാജ ആനുകാലികങ്ങളില്‍ ധാരാളം കവിതകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒമ്ബതു നൃത്ത നാടകങ്ങള്‍ രചിച്ചതിനുപുറമെ രണ്ടു നൃത്തനാടകങ്ങള്‍ക്ക് ഗാനരചനയും നിര്‍വ്വഹിച്ചു. രാജ രചിച്ച നൃത്ത നാടകങ്ങള്‍ വിവിധ കലാസമിതികള്‍ നിരവധി വേദികളില്‍ അവതരിപ്പിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂര്‍ ആകാശവാണി നിലയങ്ങളില്‍ നാടക അര്‍ട്ടിസ്റ്റായി ഓട്ടേറെ പ്രക്ഷേപണ പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്.

നാടക രംഗത്തെ സംഭാവനകള്‍ക്ക് കേരള സംഗീത നാടക അക്കാദമി 2009ലെ ‘ഗുരുപൂജ പുരസ്‌കാരം നല്‍കി ആദരിച്ചു. പന്തളം പാലസ് വെല്‍ഫേര്‍ സൊസൈറ്റി കെ. രാമവര്‍മ്മ സാഹിത്യപുരസ്‌ക്കാരം 2011ല്‍ രാജയുടെ ‘ആഞ്ജനേയോപദേശം’ എന്ന കവിതയ്ക്കു ലഭിച്ചു. ശനം രാചാര്യരുടെ ‘ഭജഗോവിന്ദ’ത്തിന്റെ മലയാളത്തില്‍ കാവ്യരൂപത്തിലുള്ള വിവര്‍ത്തനവും, ”അന്നും ഇന്നും’ എന്ന കവിതാ സമാഹാരവുമാണ്. പ്രസിദ്ധീകരിക്കപ്പെട്ട മറ്റു കൃതികള്‍.

ചിറക്കല്‍ കോവിലകം ദേവസ്വം ഫിറ്റ്‌പേഴ്‌സണായി (ട്രസ്റ്റി പ്രതി നിധി) ഇരുപത് കൊല്ലത്തോളം പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള ഫോക്ക്‌ലോര്‍ അക്കാദമിയില്‍ രണ്ടു തവണ അംഗമായിരുന്നു. ഇപ്പോള്‍ മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രകലാ അക്കാദമി’യില്‍ അംഗ മാണ്. മലബാറിലെ ദേവസ്വങ്ങള്‍ക്കുവേണ്ടിയുള്ള ക്ഷേമനിധിയിലെ അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.