ചില്‍ഡ്രന്‍സ് ഹോമിലെ ആറു പെണ്‍കുട്ടികളില്‍ ഒരാള്‍ കൈമുറിച്ചു

കോഴിക്കോട്: മലപ്പുറം, ബംഗളൂരു എന്നിവിടങ്ങളില്‍ നിന്ന് കണ്ടെത്തി തിരിച്ചെത്തിച്ച ചില്‍ഡ്രന്‍സ് ഹോമിലെ ആറു പെണ്‍കുട്ടികളില്‍ ഒരാള്‍ കൈമുറിച്ചു.പൊലീസും ചില്‍ഡ്രന്‍സ് ഹോമിലെ ജീവനക്കാരും ചേര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ച്‌ പ്രഥമ ശ്രൂശ്രൂഷ നല്‍കി. ആത്മഹത്യാശ്രമമായി കണക്കാക്കാനാകില്ലെന്ന് പൊലീസ് പറയുന്നു.

ഇന്നലെ രാത്രിയാണ് സംഭവം. ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് കാണാതായ ആറുപെണ്‍കുട്ടികളെ കണ്ടെത്തി ഇന്നലെയാണ് കോഴിക്കോട്ട് തിരിച്ചെത്തിച്ചത്. പെണ്‍കുട്ടികളുടെ മൊഴിയെടുത്ത ശേഷമാണ് ചില്‍ഡ്രന്‍സ് ഹോമിലേക്ക് തന്നെ തിരികെ കൊണ്ടുപോയത്. ചില്‍ഡ്രന്‍സ് ഹോമിലേക്ക് തിരികെ പോകാന്‍ താത്പര്യമില്ലെന്ന് കുട്ടികള്‍ പൊലീസിനോട് പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. അവിടെ സ്വാതന്ത്ര്യമില്ലെന്നും നില്‍ക്കാന്‍ ബുദ്ധിമുട്ടാണെന്നും കുട്ടികള്‍ പറഞ്ഞു. തുടര്‍ന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ തിരികെ എത്തിയത് മുതല്‍ കുട്ടികള്‍ ബഹളം വച്ച്‌ പ്രതിഷേധിച്ചതായാണ് റിപ്പോര്‍ട്ട്.

ഇന്നലെ രാത്രി കുട്ടികള്‍ താമസിക്കുന്ന മുറിയില്‍ ജനലിന്റെ ചില്ല് തകര്‍ത്താണ് ഒരു കുട്ടി കൈമുറിച്ചത്. ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പ്രഥമ ശ്രൂശ്രൂഷയ്ക്ക് ശേഷം കുട്ടിയെ വീണ്ടും ചില്‍ഡ്രന്‍സ് ഹോമിലേക്ക് തന്നെ തിരികെ കൊണ്ടുവന്നു. ആത്മഹത്യാശ്രമമായി കണക്കാക്കാനാകില്ലെന്നാണ് പൊലീസ് പറയുന്നത്.