ചൂട്ടാട് ബീച്ചില്‍ ഇനി അഡ്വഞ്ചര്‍ പാര്‍ക്കും; പ്രവൃത്തി ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു

മാടായി ചൂട്ടാട് ബീച്ചില്‍ ആരംഭിക്കുന്ന സാഹസിക ടൂറിസം പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ടൂറിസം സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു.
ചൂട്ടാട് ബീച്ച് പാര്‍ക്കില്‍ അഡ്വഞ്ചര്‍ പാര്‍ക്ക് പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ 1.65 കോടി രൂപയാണ് അനുവദിച്ചത്. ബീച്ചിലേക്ക് കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് സര്‍ക്കാര്‍ സാഹസിക ടൂറിസം പദ്ധതിക്ക് തുടക്കമിടുന്നത്.
നിത്യേന നിരവധി സഞ്ചാരികള്‍ എത്തിച്ചേരുന്ന ടൂറിസ്റ്റ് കേന്ദ്രമാണ് ചൂട്ടാട് ബീച്ച്. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ഉല്ലസിക്കുന്നതിനും ആസ്വദിക്കുന്നതിനുമായി വിവിധങ്ങളായ സാഹസിക ഇനങ്ങള്‍ പദ്ധതിയില്‍ വിഭാവനം ചെയ്തിട്ടുണ്ട്.

സ്വാപ് ബൈക്ക്, റോപ്പ് സൈക്കിള്‍, ബര്‍മ്മ ബ്രിഡ്ജ്, ജപ്പാനിസ് ഗെയിംസ്, വാട്ടര്‍ സൈക്കിള്‍, വാട്ടര്‍ സ്‌കൂട്ടര്‍, പെഡല്‍ ബോട്ട്, ഫ്ളോട്ടിംഗ് വാക് വേ, ബാംബു കഫേ, ഇരിപ്പിടം, സോളാര്‍ വിളക്കുകള്‍ എന്നിവ പദ്ധതിയില്‍ ഉള്‍പ്പെടും. ജില്ലാ ടൂറിസം വകുപ്പ് മുഖേനയാണ് പദ്ധതി നടപ്പാക്കുക.
ടി വി രാജേഷ് എം എല്‍ എ അധ്യക്ഷനായി. രാജ്മോഹന്‍ ഉണ്ണിത്താന്‍ ഓണ്‍ലൈനായി ആശംസപ്രസംഗം നടത്തി. ഡി ടി പി സി സെക്രട്ടറി കെ സി ശ്രീനിവാസന്‍, ഡി ടി പി സി മാനേജര്‍ കെ സജീവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.