ചെന്നിത്തല വോട്ടര്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തി;ഗുരുതര ആരോപണവുമായി സി പി എം

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ ഗുരുതര ആരോപണവുമായി സി പി എം രംഗത്തെത്തി. വോട്ടര്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് സി പി എമ്മിന്റെ ആരോപണം. ഇരട്ടവോട്ട് സംബന്ധിച്ച വിരങ്ങള്‍ ചെന്നിത്തല പ്രസിദ്ധീകരിച്ച്‌ സിംഗപ്പൂരില്‍ ഹോസ്റ്റ് ചെയ്ത വെബ്സൈറ്റിലെന്നാണ് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി ആരോപിക്കുന്നത്. വ്യക്തികളുടെ അനുമതിയോടെയല്ല വിവരങ്ങള്‍പ്രസിദ്ധീകരിച്ചതെന്നും ഇത് ഗൗരവമായ നിയമപ്രശ്നമാണന്നും കുറ്റപ്പെടുത്തിയ അദ്ദേഹം നടപടി സ്വകാര്യതയ്ക്ക് മുകളിലുള്ള കടന്നുകയറ്റമാണെന്നും വ്യക്തമാക്കി.

ഇന്നലെയാണ് വ്യാജ, ഇരട്ടവോട്ടുള്ളവരുടെ പട്ടിക പ്രതിപക്ഷ നേതാവ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചത്.

കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലെ 4,34,000 ഇരട്ട വോട്ടർമാരുടെ പട്ടിക ബുധനാഴ്ചയാണ് ഓപ്പറേഷൻട്വിൻസ് ഡോട്ട് കോം എന്ന വെബ്സൈറ്റിലൂടെ യു.ഡി.എഫ്. പുറത്തുവിട്ടത്.

ഒരോ നിയോജക മണ്ഡലങ്ങളിലുമുള്ള വിവിധ ബൂത്തുകളിൽ ചേർത്ത ഇരട്ടവോട്ടർമാരുടെ വിവരങ്ങളും അതേ വോട്ടർമാരുടെ ഫോട്ടോ ഉപയോഗിച്ച് സമീപ നിയോജകമണ്ഡലങ്ങളിലെ ബൂത്തുകളിൽ വ്യത്യസ്ത പേരുകളിലും വിലാസങ്ങളിലും വോട്ടർ ഐ.ഡിയിലും ചേർത്ത വോട്ടർമാരുടെ പേര് വിവരങ്ങളാണ് വെബ്സൈറ്റിൽ ഉൾപ്പെട്ടിട്ടുള്ളത്