ചെറുതാഴം – കുഞ്ഞിമംഗലം കുടിവെള്ള പദ്ധതി ഒന്നാംഘട്ടംനാടിനു സമര്‍പ്പിച്ചു

കല്യാശേരി നിയോജക മണ്ഡലത്തിലെ അതിരൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന കുഞ്ഞിമംഗലം, ചെറുതാഴം പഞ്ചായത്തുകള്‍ക്കും ഏഴിമല നാവിക അക്കാദമിക്കും വേണ്ടി കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച കുടിവെള്ള പദ്ധതിയുടെ ഒന്നാം ഘട്ടം ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍ കുട്ടി ഉദ്ഘാടനം ചെയ്തു. കുഞ്ഞിമംഗലം പഞ്ചായത്തിലെ എടാട്ട് നിര്‍മ്മിച്ച 8.5 ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള ഉപരിതലസംഭരണിയിലേക്ക് ശുദ്ധജലമെത്തിച്ച് പഞ്ചായത്തിലെ 200 വീടുകള്‍ക്ക് ശുദ്ധജല കണക്ഷന്‍ നല്‍കുന്ന പദ്ധതിയാണ് ആദ്യഘട്ടത്തില്‍ പൂര്‍ത്തിയാക്കിയത്.

ചെറുതാഴം, കുഞ്ഞിമംഗലം പഞ്ചായത്ത#ുകളിലുള്ളവര്‍ക്ക് പ്രതിദിനം നൂറു ലിറ്റര്‍ വീതം കുടിവെള്ളം വിതരണം ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം. 56.89 കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്. ജിക്ക പട്ടുവം കുടിവെള്ള പദ്ധതിയില്‍ നിന്നാണ് ഇതിനായി ജലം ലഭ്യമാക്കുന്നത്. തളിപ്പറമ്പ് ആലക്കോട് റോഡില്‍ ജിക്ക പട്ടുവം കുടിവെള്ള പദ്ധതിയുടെ നിലവിലുള്ള 900 മില്ലിമീറ്റര്‍ വ്യാസമുള്ള പൈപ്പിലൂടെ 41 കി മീ നീളത്തില്‍ പൈപ്പ് ലൈന്‍ സ്ഥാപിച്ച് ചെറുതാഴം, കുഞ്ഞിമംഗലം പഞ്ചായത്തുകളിലെ വിവിധ ജലസംഭരണികളിലും ഏഴിമല നാവിക അക്കാദമിയിലേക്കും ജലമെത്തിച്ച് വിതരണം ചെയ്യുന്നതാണ് പദ്ധതി.കൂടാതെ കുഞ്ഞിമംഗലം പഞ്ചായത്തിലെ എടാട്ട് 8.5 ലക്ഷം ലിറ്റര്‍ ശേഷിയുള്ളതും ചെറുതാഴം പഞ്ചായത്തിലെ പടിക്കപ്പാറയില്‍ 4.5 ലക്ഷം ലിറ്റര്‍ ശേഷിയുള്ളതും ശ്രീസ്ഥയില്‍ 8.5 ലക്ഷം ശേഷിയുള്ളതുമായ മൂന്ന് ഉപരിതല സംഭരണികളും ഈ പദ്ധതിയുടെ ഭാഗമാണ്. പദ്ധതിയുടെ രണ്ടാം ഘട്ടമായി വിതരണ ശൃംഖല സ്ഥാപിക്കലും പഞ്ചായത്തിലെ മുഴുവന്‍ വീടുകള്‍ക്കും കുടിവെള്ള കണക്ഷന്‍ നല്‍കുന്നതുമായ പ്രവൃത്തികള്‍ ജലജീവന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടന്ന് വരുന്നുണ്ട്.
എടാട്ട് നടന്ന ചടങ്ങില്‍ ടി വി രാജേഷ് എംഎല്‍എ അധ്യക്ഷനായി. രാജ് മോഹന്‍ ഉണ്ണിത്താന്‍ എം പി മുഖ്യാതിഥിയായി. കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി പി ഷാജര്‍, കുഞ്ഞിമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ പ്രാര്‍ഥന, ചെറുതാഴം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം ശ്രീധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കേരള ജലഅതോറിറ്റി ടെക്‌നിക്കല്‍ മെമ്പര്‍ ജി ശ്രീകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മാനേജിംഗ് ഡയറക്ടര്‍ എസ് വെങ്കിടേശപതി, ഉത്തരമേഖല ചീഫ് എഞ്ചിനീയര്‍ ബി ഷാജഹാന്‍, വാട്ടര്‍ അതോറിറ്റി സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ പി ഗോപാലന്‍ തുടങ്ങിയവര്‍ സംസാരിച്ചു.