ജയിലില്‍ കിടക്ക വേണമെന്ന് കൂടത്തായി കൊലപാതക പരമ്പരക്കേസിലെ പ്രതി ജോളി
കോഴിക്കോട് : ജയിലില്‍ കിടക്ക വേണമെന്ന് കൂടത്തായി കൊലപാതക പരമ്പരക്കേസിലെ പ്രതി ജോളി കോടതിയില്‍ ആവശ്യപ്പെട്ടു.ടവര്‍ ലൊക്കേഷന്‍ നോക്കി ഫോണ്‍ കണ്ടെത്തി നല്‍കണമെന്ന് രണ്ടാം പ്രതി എംഎസ് മാത്യുവും ആവശ്യപ്പെട്ടു. കിടക്ക അനുവദിക്കുന്ന കാര്യത്തില്‍ ജയില്‍ സൂപ്രണ്ട് ആണ് തീരുമാനമെടുക്കേണ്ടതെന്ന് കോഴിക്കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പറഞ്ഞു.
ജോളിയുടെ ആവശ്യത്തിന് മറുപടിയായി ഡോക്ടര്‍ നിര്‍ദേശിച്ചതും ചട്ടപ്രകാരവുമുള്ള സൗകര്യങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും ഒരാള്‍ക്കു മാത്രമായി പ്രത്യേകമായൊന്നും നല്‍കാനാകില്ലെന്നും ജയില്‍ സൂപ്രണ്ട് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ജയില്‍ സൂപ്രണ്ടിന്റെ തീരുമാനമാണ് പ്രധാനമെന്ന് കോടതിയും വ്യക്തമാക്കി.
പൊലീസ് ഫോണ്‍ കസ്റ്റഡിയിലെടുത്തെന്നും ഇതു തിരികെ വേണമെന്നുമാണ് രണ്ടാം പ്രതി മാത്യു ആവശ്യപ്പെട്ടത്. എന്നാല്‍ ഫോണ്‍ അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തിട്ടില്ലെന്നു സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ ബോധിപ്പിച്ചു. എങ്കില്‍ ടവര്‍ ലൊക്കേഷന്‍ നോക്കി ഫോണ്‍ കണ്ടെത്തണമെന്നായി ആവശ്യം. ഇതിന് ജയില്‍ സൂപ്രണ്ട് മുഖേന സൈബര്‍ സെല്ലിനെ സമീപിക്കാവുന്നതാണെന്ന് കോടതി മറുപടി നല്‍കി.