ജലസ്രോതസുകള്‍ മലിനമാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി: മന്ത്രി കെ കൃഷ്ണന്‍കുട്ടി

ശുദ്ധജല സ്രോതസുകള്‍ മലിനമാക്കുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ കര്‍ശനമാക്കണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. കണ്ണൂര്‍ നഗരത്തിലെ മുഖ്യ ജലസ്രോതസ്സായിരുന്ന കാനാമ്പുഴയുടെ പുനരുജ്ജീവന പ്രവൃത്തികളുടെ നിര്‍മ്മാണോദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂര്‍ എം എല്‍ എ കൂടിയായ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നുള്ള രണ്ട് കോടി രൂപയും ഹരിത കേരള മിഷന്റെ ഭാഗമായി ജലസേചന വകുപ്പിന്റെ പദ്ധതി വിഹിതമായ 4.4 കോടി രൂപയുമുള്‍പ്പെടെ 6.4 കോടി രൂപ ചെലവിലാണ് കാനാമ്പുഴയുടെ പുനരജ്ജീവന പ്രവൃത്തികള്‍ നടപ്പാക്കുന്നത്.

ചൊവ്വ റെയില്‍ പാലം മുതല്‍ മന്തേന്‍ വയല്‍ വരെയും ചീപ്പ് പാലം മുതല്‍ തിലാന്നൂര്‍ ശിശുമന്ദിരം റോഡ് വരെയുമുള്ള ഭാഗത്തെ നിര്‍മ്മാണ പ്രവൃത്തികളാണ് നടത്തുക. ഇത് വഴി 175 ഹെക്ടര്‍ പ്രദേശത്തെ നെല്‍ കൃഷിക്ക് ജലലഭ്യത ഉറപ്പ് വരുത്താന്‍ കഴിയും. വെള്ളപ്പൊക്കത്തിന് പരിഹാരം കാണാനും പദ്ധതി വഴിയൊരുക്കും.

ഹരിത കേരളം മിഷന്‍, തദ്ദേശ സ്വയംഭരണ വകുപ്പ്, ജലസേചന വകുപ്പ്, കണ്ണൂര്‍ കോര്‍പറേഷന്‍ എന്നിവ സംയുക്തമായി സംഘടിപ്പിച്ച പരിപാടിയില്‍ തുറമുഖ പുരാരേഖാ മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ മേയര്‍ ടി ഒ മോഹനന്‍, കനാമ്പുഴ അതിജീവന സമിതി കണ്‍വീനര്‍ എന്‍ ചന്ദ്രന്‍, ഡോ.ടി എന്‍ സീമ, ഇറിഗേഷന്‍ സൂപ്രണ്ടിംഗ് എഞ്ചിനിയര്‍ ബാലകൃഷ്ണന്‍ മണ്ണാറക്കല്‍ മറ്റ് ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.