ജാഗ്രതാ സമിതികള്‍ സഹായകം; വനിതാ കമ്മീഷന്‍

സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ താഴെ തട്ടില്‍ പരിഹരിക്കാന്‍ തദ്ദേശതലത്തില്‍ പ്രവര്‍ത്തിക്കുന്ന ജാഗ്രതാ സമിതികളുടെ ഇടപെടലുകള്‍ ഏറെ സഹായകമാണെന്ന് വനിതാ കമ്മീഷന്‍ അംഗം ഇ എം രാധ പറഞ്ഞു. മാസം തോറും ജാഗ്രതാ സമിതി ചേര്‍ന്ന് കേസുകള്‍ തീര്‍പ്പാക്കുന്നത് സാധാരണക്കാര്‍ക്ക് ഏറെ ആശ്വാസകരമാവുമെന്നും അവര്‍ അഭിപ്രായപ്പെട്ടു. വനിതാ കമ്മീഷന്‍ മെഗാ അദാലത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

മെഗാ അദാലത്തില്‍ 61 പരാതികളാണ് ലഭിച്ചത്. ഇതില്‍ ഏഴെണ്ണം തീര്‍പ്പാക്കി. 49 പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി വെച്ചു. നാലു പരാതികളില്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. സ്്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം, സ്വത്ത് തര്‍ക്കം എന്നിവയുമായി ബന്ധപ്പെട്ട പരാതികളാണ് കൂടുതലായും ലഭിച്ചത്. സെപ്തംബര്‍ മൂന്നിന് അടുത്ത അദാലത്ത് നടക്കും.

ജില്ലാ പഞ്ചായത്ത് മിനി ഹാളില്‍ നടന്ന അദാലത്തില്‍ വനിതാ കമ്മീഷന്‍ അംഗം ഇ എം രാധ, ലീഗല്‍ പാനല്‍ അംഗങ്ങളായ അഡ്വ. വിമലകുമാരി, അഡ്വ. പത്മജ പത്മനാഭന്‍, അഡ്വ. കെ എം പ്രമീള, അഡ്വ. കെ പി ഷിമ്മി, വുമണ്‍ സെല്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ബി ബുഷ്റത്ത്, പി സിന്ധു തുടങ്ങിയവര്‍ പങ്കെടുത്തു.