ജില്ലയിലെ ബാങ്കുകൾ 13,428 കോടി രൂപ വായ്പ നൽകി

കണ്ണൂർ:-ഈ സാമ്പത്തിക വർഷം മൂന്നാംപാദം അവസാനിക്കുമ്പോഴേക്കും ജില്ലയിലെ ബാങ്കുകൾ 13,428 കോടി രൂപ വായ്പ നൽകിയതായി ജില്ലാതല ബാങ്കിംഗ് അവലോകന സമിതി യോഗത്തിൽ അറിയിച്ചു. മുൻഗണന മേഖലയിൽ 8971 കോടി രൂപ വിതരണം ചെയ്തു.

കാർഷികമേഖലയിൽ 6321 കോടി രൂപയും വ്യവസായ വാണിജ്യ മേഖലയിൽ 1748 കോടി രൂപയും, മറ്റ് മുൻഗണനാ വിഭാഗത്തിൽ 903 കോടി രൂപയും വിതരണം ചെയ്തു.
ജില്ലയിലെ ബാങ്കുകളുടെ ആകെ നിക്ഷേപം 58017 കോടി രൂപയും വായ്പ 39856 കോടി രൂപയുമാണ്.

2023-24 സാമ്പത്തിക വർഷം 19617.31 കോടി രൂപയുടെ വായ്പ പദ്ധതി വിഭാവനം ചെയ്യുന്ന വാർഷിക ക്രെഡിറ്റ് പ്ലാനിന്റെ പ്രകാശന കർമ്മം യോഗത്തിൽ നടത്തി.
ഈ സാമ്പത്തിക വർഷം മൂന്നാം പാദത്തിൽ വായ്പ നിക്ഷേപ അനുപാതം 68 ശതമാനത്തിൽ നിന്ന് 69 ശതമാനമായി ഉയർന്നു. നിക്ഷേപത്തിൽ 946 കോടി രൂപയുടെയും വായ്പയിൽ 1002 കോടി രൂപയുടെയും വർധന മൂന്നാം പാദത്തിൽ രേഖപ്പെടുത്തി.

മുദ്ര വായ്പയായി 299 കോടി രൂപ 27695 പേർക്കായി ജില്ലയിലെ ബാങ്കുകൾ വിതരണം ചെയ്തു. കനറാ ബാങ്ക് ഹാളിൽ നടന്ന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. അസി. കലക്ടർ മിസൽ സാഗർ ഭരത് അധ്യക്ഷത വഹിച്ചു. കനറാ ബാങ്ക് അസി. ജനറൽ മാനേജർ എ യു രാജേഷ് മുഖ്യപ്രഭാഷണം നടത്തി. ആർ ബി ഐ ഏജിഎം പി അശോക്, നബാർഡ് ഡിഡിഎ ജിഷി മോൻ, ലീഡ് ബാങ്ക് മാനേജർ രാജ്കുമാർ, സീനിയർ മാനേജർ ചിത്തരഞ്ജൻ ഒ കെ എന്നിവർ സംസാരിച്ചു.