ജില്ലയിലെ ബാങ്കുകൾ 15254 കോടി രൂപ വായ്പ നൽകി

കഴിഞ്ഞ സാമ്പത്തിക വർഷം ജില്ലയിലെ ബാങ്കുകൾ വായ്പയായി 15254 കോടി രൂപ വിതരണം ചെയ്തു. ലീഡ് ബാങ്കിൻറെ നേതൃത്വത്തിൽ നടന്ന ജില്ലാതല അവലോകന യോഗത്തിലാണ് കണക്കുകൾ അവതരിപ്പിച്ചത്. കാർഷിക മേഖലയിൽ 7032 കോടിയും സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭ (എംഎസ്എംഇ) മേഖലയ്ക്ക് വേണ്ടി 1646 കോടിയും കഴിഞ്ഞ വർഷം വിതരണം ചെയ്തു.
ജില്ലയിലെ ബാങ്കുകളുടെ ആകെ നിക്ഷേപം 56278 കോടിയും വായ്പ 37504 കോടി രൂപയുമായി വർധിച്ചു. വായ്പാ നിക്ഷേപ അനുപാതം 67 ശതമാനമായി ഉയർന്നു. കഴിഞ്ഞ സാമ്പത്തിക വർഷം നിക്ഷേപത്തിൽ 3747 കോടിയുടെ വർധനവും വായ്പയിൽ 3839 കൂടി രൂപയുടെ വർധനയും രേഖപ്പെടുത്തി.
മുദ്രാസ്‌കീമിൽ ഈ വർഷം 37643 ഗുണഭോക്താക്കൾക്കായി 375 കോടി രൂപ വിതരണം ചെയ്തു. കഴിഞ്ഞ സാമ്പത്തിക വർഷം വിദ്യാഭ്യാസ വായ്പയായി 4379 പേർക്ക് 108 കോടി രൂപ വിതരണം ചെയ്തു. ഭവന വായ്പ ഇനത്തിൽ കഴിഞ്ഞ സാമ്പത്തിക വർഷം 1290 കോടി രൂപ ജില്ലയിലെ എല്ലാ ബാങ്കുകളും ചേർന്ന് വിതരണം ചെയ്തു.
കെ സുധാകരൻ എം പി ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ചു. മുദ്രാവായ്പ നൽകുന്നതിലും വിദ്യാഭ്യാസ വായ്പ നൽകുന്നതിലും ബാങ്കുകൾ കൂടുതൽ ശുഷ്‌കാന്തി കാണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആർ ആർ ഡെപ്യൂട്ടി കലക്ടർ എ രാധ അധ്യക്ഷയായി. കനറാ ബാങ്ക് റീജണൽ ഹെഡ് രാജേഷ് മുഖ്യപ്രഭാഷണം നടത്തി. ലീഡ് ബാങ്ക് മാനേജർ ടിഎം രാജകുമാർ, ആർബിഐ പ്രതിനിധി പി അശോക്, നബാർഡ് ഡിഡിഎം ജിഷിമോൻ എന്നിവർ സംസാരിച്ചു.