ജില്ലയില്‍ അടിസ്ഥാന സൗകര്യ വികസന രംഗത്തുണ്ടായത് വന്‍ മുന്നേറ്റം: മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി

ജില്ലയില്‍ അടിസ്ഥാന സൗകര്യ വികസന രംഗത്തുണ്ടായത് വന്‍ മുന്നേറ്റമാണെന്നും വൈദ്യുത മേഖലയില്‍ കൂടി ഈ വികസനം സാധ്യമായിരിക്കുകയാണെന്നും മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. ചൊവ്വ സബ് സ്‌റ്റേഷന്‍ മുതല്‍ കലക്ടറേറ്റ് വരെയുള്ള ഭൂഗര്‍ഭ കേബിള്‍ കമ്മീഷനിംഗ് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നഗരത്തില്‍ ആര്‍പിഡിആര്‍ പദ്ധതിയില്‍ നിര്‍മ്മിച്ച 82 കിലോ മീറ്റര്‍ ഭൂഗര്‍ഭ പ്രവൃത്തിയാണ് ഇതോടെ പൂര്‍ത്തീകരിച്ചത്. ചൊവ്വ സബ് സ്‌റ്റേഷന്‍ മുതല്‍ കലക്ടറേറ്റുവരെയുള്ള 10.5 കിലോ മീറ്റര്‍ ഫീഡറുകള്‍ ഉള്‍പ്പെടെയാണിത്. ഇതിനായി 23 കോടി രൂപയുടെ പദ്ധതിക്കാണ് അനുമതി നല്‍കിയത്. ആദ്യഘട്ടത്തില്‍ 110 കെ വി മുണ്ടയാട്, 33 കെ വി സബ് സ്റ്റേഷനുകളായ പുതിയതെരു, കണ്ണൂര്‍ ടൗണ്‍, തോട്ടട എന്നിവിടങ്ങളില്‍ നിന്നും 71 കിലോ മീറ്റര്‍ പൂര്‍ത്തീകരിച്ചിരുന്നു. പദ്ധതിയുടെ അടുത്ത ഘട്ടത്തില്‍ തകരാര്‍ വരുന്ന ഭാഗങ്ങളെ വേര്‍പെടുത്തി മറ്റ് ഫീഡറുകളില്‍ നിന്ന് പെട്ടെന്ന് വൈദ്യുതിയെത്തിക്കാന്‍ സാധിക്കുന്ന റിംഗ് മെയിന്‍ യൂണിറ്റുകള്‍ സ്ഥാപിക്കും. ഇതോടെയാണ് തടസ രഹിത വൈദ്യുതി എന്ന ലക്ഷ്യത്തലേക്ക് ജില്ലയെത്തുക.

ദേശീയ പാതയിലെ സ്ഥല ലഭ്യതക്കുറവ്, ഗതാഗത തടസം, വാട്ടര്‍ പൈപ്പുകള്‍, കമ്യൂണിക്കേഷന്‍ കേബിളുകള്‍ തുടങ്ങി ഒട്ടനവധി പ്രതിസന്ധികള്‍ മറികടന്നാണ് കണ്ണൂര്‍ നഗരത്തിലേക്കുള്ള അതിവേഗ ഫീഡറുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തി യാഥാര്‍ഥ്യമായത്.

കലക്ടറേറ്റ് പരിസരത്ത് നടന്ന പരിപാടിയില്‍ മേയര്‍ അഡ്വ. ടി ഒ മോഹനന്‍ അധ്യക്ഷനായി. കോര്‍പറേഷന്‍ കൗണ്‍സിലര്‍ സുരേഷ് ബാബു എളയാവൂര്‍, എഡിഎം ഇ പി മേഴ്‌സി, കെഎസ്ഇബി ഡയറക്ടര്‍ ഡോ. വി ശിവദാസന്‍, കണ്ണൂര്‍ ഇലക്ട്രിക്കല്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എ എന്‍ ശ്രീലാകുമാരി, ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ പി ചന്ദ്രബാബു, കണ്ണൂര്‍ ഇലക്ട്രിക്കല്‍ സബ് ഡിവിഷന്‍ അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ വി ഷൈനി, പൊതുമരാമത്ത് ദേശീയപാത വിഭാഗം അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ടി പ്രശാന്ത് എന്നിവര്‍ പങ്കെടുത്തു.