ജില്ലയിൽ രാത്രികാല പരിശോധന ശക്തമാക്കി എൻഫോഴ്‌സ്മെന്റ്

ജില്ലയിൽ രാത്രികാല അപകടങ്ങൾ കൂടുന്ന സാഹചര്യത്തിൽ വാഹന പരിശോധനയും ബോധവൽക്കരണവും ശക്തമാക്കി മോട്ടോർ വാഹന വകുപ്പ് കണ്ണൂർ എൻഫോഴ്‌സ്‌മെന്റ് വിഭാഗം. ലൈറ്റുകളുടെ അമിത ഉപയോഗം, സീറ്റ് ബെൽറ്റ്, ഹെൽമെറ്റ് എന്നിവയുടെ ആവശ്യകത എന്നിവയെ കുറിച്ച് ബോധവത്കരണവും നടത്തുന്നുണ്ട്. കണ്ണൂർ, തലശ്ശേരി, തളിപ്പറമ്പ്, ഇരിട്ടി, പയ്യന്നുർ താലൂക്കുകളിലെ പ്രധാന പാതകളിലാണ് പരിശോധനയും ബോധവത്കരണവും നടത്തുന്നത്. എൻഫോഴ്‌സ്മെന്റ് ആർ ടി ഒ പ്രമോദ്കുമാറിന്റെ നിർദേശപ്രകാരം ആറു സ്‌ക്വാഡുകളായാണ് പരിശോധന. രാത്രികാല അപകടങ്ങൾക്ക് പലപ്പോഴും കാരണമാകുന്നത് അമിത പ്രകാശമുള്ള ലൈറ്റുകളുടെ ഉപയോഗവും എതിരെ വരുന്ന വാഹങ്ങൾ ലൈറ്റ് ഡിം ചെയ്യാത്തതുമാണ്. ഈ സാഹചര്യത്തിലാണ് പരിശോധന ശക്തമാക്കിയത്. വ്യാഴാഴ്ച രാത്രി മാത്രം നാൽപതോളം അനധികൃത ലൈറ്റുകൾ പിടിച്ചെടുത്തു. പതിനായിരം രൂപയോളം പിഴയും ഈടാക്കി.