ജില്ലയിൽ 25000 അമ്മമാർക്ക് ‘ലിറ്റിൽ കൈറ്റ്‌സ്’ യൂനിറ്റുകൾ വഴി സൈബർ സുരക്ഷാ പരിശീലനം
സംസ്ഥാന സർക്കാരിന്റെ രണ്ടാം നൂറുദിന കർമപരിപാടിയുടെ ഭാഗമായി പ്രഖ്യാപിച്ച അമ്മമാർക്കുള്ള സൈബർ സുരക്ഷാ പരിശീലനങ്ങൾക്ക് മെയ് ഏഴ് മുതൽ ജില്ലയിൽ തുടക്കം. സംസ്ഥാനതല ഉദ്ഘാടനം ഓൺലൈനിലൂടെ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി രാവിലെ 11 മണിക്ക് നിർവഹിക്കുന്നതോടൊപ്പം ജില്ലയിലെ ആദ്യ ക്ലാസ് കണ്ണൂർ സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർസെക്കണ്ടറി സ്‌കൂളിൽ നടക്കും. ജില്ലയിലെ ഹൈസ്‌കൂളുകളിൽ കേരളാ ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സ്ഥാപിച്ച ലിറ്റിൽ കൈറ്റ്‌സ് ഐടി ക്ലബുകൾ വഴിയാണ് 25000 രക്ഷിതാക്കളെ പരിശീലിപ്പിക്കുന്നത്. ലിറ്റിൽ കൈറ്റ്‌സ് യൂനിറ്റുള്ള ഹൈസ്‌കൂളുകളിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 150 രക്ഷിതാക്കൾക്കാണ് ഒന്നാം ഘട്ടമായി 30 പേർ വീതമുള്ള ബാച്ചുകളിലായി മെയ് ഏഴ് മുതൽ 20 വരെ സൈബർ സുരക്ഷയിൽ പരിശീലനം നൽകുന്നത്. ഇതിൽ ഇതിനകം 22,000ഓളം പേർ രജിസ്റ്റർ ചെയ്തു കഴിഞ്ഞു.
അര മണിക്കൂർ ദൈർഘ്യമുള്ള അഞ്ചു സെഷനുകൾ ആണ് പരിശീലനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സ്മാർട്ട് ഫോൺ, ഇന്റർനെറ്റ്, ഇന്റർനെറ്റിന്റെ സുരക്ഷിത ഉപയോഗം എന്നിങ്ങനെ പുതിയ കാലത്തെ സാങ്കേതിക വിദ്യകളെ പരിചയപ്പെടുത്തുന്നതാണ് ഒന്നാമത്തെ സെഷൻ. മൊബൈൽ ഫോണിൽ ഉൾപ്പെടെ ഉപയോഗിക്കുന്ന ഒ.ടി.പി, പിൻ തുടങ്ങിയ പാസ്‌വേഡുകളുടെ സുരക്ഷ വിവരിക്കുന്ന രണ്ടാം സെഷനിൽ ‘രക്ഷിതാവും കുട്ടിയും മൊബൈൽ ഫോൺ ഉപയോഗവും’ എന്ന ഭാഗവും ചർച്ച ചെയ്യുന്നുണ്ട്. വ്യാജവാർത്തകളെ കണ്ടെത്താനും തിരിച്ചറിയാനും പരിശോധിക്കാനും കഴിയുന്നതോടൊപ്പം വ്യാജവാർത്തകളെ തടയാൻകൂടി സഹായിക്കുന്ന ‘വാർത്തകളുടെ കാണാലോകം’ (ഫേക്ക് ന്യൂസ് തിരിച്ചറിയൽ, ഫാക്ട് ചെക്കിംഗ്) ആണ് മൂന്നാം സെഷൻ. ഇന്റർനെറ്റിലെ ചതിക്കുഴികൾ എന്ന നാലാം സെഷനിൽ സൈബർ ആക്രമണങ്ങളും ഓൺലൈൻ പണമിടപാടിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ചർച്ച ചെയ്യുന്നു. ഇന്റർനെറ്റ് അനന്ത സാധ്യതകളിലേക്കുള്ള ലോകം എന്ന അഞ്ചാം സെഷനോടെയാണ് ക്ലാസുകൾ തീരുന്നത്.
പരിശീലനത്തിന് ഓരോ സ്‌കൂളിലേയും ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളായ നാലു കുട്ടികളും കൈറ്റ് അധ്യാപകരും നേതൃത്വം നൽകും. 280 അധ്യാപകരും 560 കുട്ടികളും ഉൾപ്പെടുന്ന പരിശീലകർക്കുള്ള പരിശീലനം പൂർത്തിയാക്കിയതായി കൈറ്റ് സിഇഒ കെ അൻവർ സാദത്ത് അറിയിച്ചു. പരിശീലനത്തിൽ പങ്കാളികളാകുന്നതിന് ഹൈസ്‌കൂളുകളിലെ ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റുകളുമായി ബന്ധപ്പെടേണ്ടതാണ്.
ഓൺലൈൻ സംവിധാനങ്ങൾ എല്ലാ മേഖലയിലും വ്യാപിക്കുന്ന സാഹചര്യത്തിൽ അധ്യാപകർക്കും കുട്ടികൾക്കുമൊപ്പം രക്ഷിതാക്കൾക്കും സൈബർ സുരക്ഷയുടെ പ്രാധാന്യത്തെക്കുറിച്ചും സുരക്ഷിത ഉപയോഗത്തെക്കുറിച്ചും ബോധവത്കരണം നടത്തുകയാണ് ലക്ഷ്യം. ഉദ്ഘാടന സമ്മേളനത്തിൽ വനിതാ കമ്മീഷൻ
ചെയർപേഴ്‌സൺ അഡ്വ. പി സതീദേവിയും എ.ഡി.ജി.പി മനോജ് എബ്രഹാമും സംബന്ധിക്കും.