ജില്ലാ ജയിലില്‍ ട്രീ മ്യൂസിയം ഒരുങ്ങുന്നു

ഹരിത കേരള മിഷന്റെ നേതൃത്വത്തില്‍ സെന്‍ട്രല്‍ ജയിലില്‍ ഒരുങ്ങുന്ന ട്രീ മ്യൂസിയത്തിന്റെ വൃക്ഷത്തൈ നടീല്‍ ഉദ്ഘാടനം ജി്ല്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ നിര്‍വ്വഹിച്ചു. എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ഇത്തരത്തില്‍ ജൈവ വൈവിധ്യം ഉറപ്പു വരുത്തുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. വംശനാശ ഭീഷണി നേരിടുന്ന വൃക്ഷങ്ങളുടെ സംരക്ഷണത്തിനായാണ് ഹരിത കേരള മിഷന്റെ നേതൃത്വത്തില്‍ സെന്‍ട്രല്‍ ജയിലില്‍ ട്രീ മ്യൂസിയം ഒരുക്കുന്നത്. തിരുവട്ടക്കായ്, കര്‍പ്പൂരം, നാഗപ്പൂവ്, വിഷഭദ്ര, കല്‍മാണിക്യം, പുത്രസഞ്ജീവ, ചുകന്ന ചന്ദനം തുടങ്ങിയ തൈകളാണ് ട്രീ മ്യൂസിയത്തില്‍ നടുന്നത്. ഇതോടനുബന്ധിച്ച് സുഗന്ധദ്രവ്യ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന ഊദ് മരങ്ങള്‍ സംരക്ഷിക്കുന്നതിനായി ഊദിന്റെ തോട്ടവും, കൊങ്കണ്‍ മേഖലയില്‍ മാത്രം കാണുന്ന കുടംപുളിയുടെ ഇനത്തില്‍പ്പെട്ട വൃക്ഷമായ കോക്കം മരങ്ങള്‍ക്കായി കോക്കം തോട്ടം, ശലഭങ്ങള്‍ക്ക് മുട്ടയിടാനുള്ള സസ്യങ്ങള്‍ പരിപാലിക്കുന്നതിനായി ശലഭോദ്യാനം എന്നിവയുമാണ് ഒരുക്കുന്നത്. സെന്‍ട്രല്‍ ജയിലില്‍ നടന്ന പരിപാടിയില്‍ ഹരിത കേരള മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ ഇ കെ സോമശേഖരന്‍, സെന്‍ട്രല്‍ ജയില്‍ വെല്‍ഫയര്‍ ഓഫീസര്‍ മന്‍സി സി പരീത്, ജോയിന്റ് സൂപ്രണ്ട് കെ വി ജഗദീഷന്‍, സ്‌പെഷ്യല്‍ സബ്ജയില്‍ സൂപ്രണ്ട് ടി കെ ജനാര്‍ദനന്‍, വനിതാ ജയില്‍ സൂപ്രണ്ട് ഒ വി വല്ലി എന്നിവര്‍ പങ്കെടുത്തു.