ജെ.സി ഡാനിയല്‍ പുരസ്‌കാരം ഹരിഹരന്


സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമായ ജെ.സി. ഡാനിയല്‍ പുരസ്‌കാരം സംവിധായകന്‍ ഹരിഹരന്. എം.ടി. വാസുദേവന്‍ നായര്‍ അധ്യക്ഷനായ സമിതിയാണ് ഹരിഹരനെ പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്.

2019ലെ പുരസ്‌കാരത്തിനാണ് ഹരിഹരനെ തെരഞ്ഞെടുത്തിരിക്കുന്നത്. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്‌കാരം. മലയാള ചലച്ചിത്രരംഗത്തെ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്‌കാരം.

എം. ടി വാസുദേവന്‍ നായര്‍ ചെയര്‍മാനായ സമിതിയില്‍ സംവിധായകന്‍ ഹരികുമാര്‍, നടി വിധുബാല, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് ഐ.എ.എസ് എന്നിവര്‍ അംഗങ്ങളായിരുന്നു.

1965ല്‍ മദിരാശിയിലത്തെി ഛായാഗ്രാഹകന്‍ യു. രാജഗോപാലിനൊപ്പം പരിശീലനം നേടിയ ഹരിഹരന്‍ തുടര്‍ന്ന് എം. കൃഷ്ണന്‍നായര്‍, എ. ബി രാജ്, ജെ. ഡി തോട്ടാന്‍ എന്നിവര്‍ക്കൊപ്പം സഹസംവിധായകനായി ഏഴു വര്‍ഷം പ്രവര്‍ത്തിച്ചു.

1988ല്‍ സംവിധാനം ചെയ്ത ‘ഒരു വടക്കന്‍ വീരഗാഥ’ നാല് ദേശീയ അവാര്‍ഡുകളും ആറ് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളും കരസ്ഥമാക്കി. ‘സര്‍ഗം’ കലാമൂല്യവും ജനപ്രീതിയുമുള്ള ചിത്രത്തിനുള്ള 1992ലെ ദേശീയ അവാര്‍ഡും മികച്ച സംവിധായകനുള്ള അവാര്‍ഡ് ഉള്‍പ്പെടെ മുന്ന് സംസ്ഥാന പുരസ്‌കാരങ്ങളും നേടി.

‘പരിണയം’ 1995ലെ സാമൂഹിക പ്രസക്തിയുള്ള ചിത്രത്തിനുള്ള അവാര്‍ഡ് ഉള്‍പ്പെടെ നാല് ദേശീയ അവാര്‍ഡുകളും നാല് സംസ്ഥാന അവാര്‍ഡുകളും നേടി. ‘കേരളവര്‍മ്മ പഴശ്ശിരാജ’ 2009ലെ മികച്ച മലയാള ചിത്രത്തിനുള്ള അവാര്‍ഡ് ഉള്‍പ്പെടെ നാല് ദേശീയ അവാര്‍ഡുകളും മികച്ച സംവിധായകനുള്‍പ്പെടെയുള്ള എട്ട് സംസ്ഥാന അവാര്‍ഡുകളും നേടി.

Leave a Reply

Your email address will not be published. Required fields are marked *