ട്രാൻസ്ഗ്രിഡ് 2.0 പ്രവൃത്തി പുരോഗമിക്കുന്നു;
11ന് വൈദ്യുതി മുടങ്ങും

കൂടുതൽ സബ് സ്റ്റേഷനുകളും പ്രസരണ ലൈനുകളും സ്ഥാപിച്ച് വൈദ്യുതി പ്രസരണ-വിതരണ ശൃംഖല ശക്തിപ്പെടുത്താനുള്ള കെ എസ് ഇ ബിയുടെ ട്രാൻസ്ഗ്രിഡ് 2.0 പദ്ധതിയുടെ നിർമ്മാണ പ്രവൃത്തികൾ ജില്ലയിൽ പുരോഗമിക്കുന്നു. 220 കെ വി ജിഐഎസ് തലശ്ശേരി സബ്സ്റ്റേഷൻ പ്രവൃത്തിയുടെ ഭാഗമായി നിർമിച്ച 220 കെ വി ലൈനുകൾ കാഞ്ഞിരോട് സബ് സ്റ്റേഷനുമായി ബന്ധിപ്പിക്കുന്നതിന്റെ പ്രവൃത്തി നടക്കുന്നതിനാൽ സെപ്റ്റംബർ 11ന് കണ്ണൂർ, കാസർകോട് ജില്ലകളിലെ ചില ഭാഗങ്ങളിൽ ഞായറാഴ്ച ഭാഗികമായി വൈദ്യുതി മുടങ്ങും.
ഞായറാഴ്ച രാവിലെ 8.30 മുതൽ 12.30 വരെ തളിപ്പറമ്പ്, അമ്പലത്തറ, മൈലാട്ടി എന്നീ 220 കെ വി സബ്സ്റ്റേഷനുകളുടെയും വിദ്യാനഗർ, കാഞ്ഞങ്ങാട്, മുള്ളേരിയ, ചെറുവത്തൂർ (റെയിൽവെ), പഴയങ്ങാടി, ഏഴിമല, ചെറുപുഴ, പയ്യന്നൂർ, മാങ്ങാട്, അഴിക്കോട് 110 കെ വി സബ്സ്റ്റേഷനുകളുടെയും പരിധിയിൽ വൈദ്യുതി മുടങ്ങും. കൂടാതെ പെരിയ, ബദിയടുക്ക, ആനന്ദപുരം, കാസർകോട് ടൗൺ, കാഞ്ഞങ്ങാട് ടൗൺ, നീലേശ്വരം ടൗൺ, വെസ്റ്റ് എളേരി, ബേളൂർ, രാജപുരം, തൃക്കരിപ്പൂർ, പയ്യന്നൂർ ടൗൺ, പടന്നപ്പാലം, നാടുകാണി, ആലക്കോട്, കുറ്റിയാട്ടൂർ എന്നീ 33 കെ വി സബ്സ്റ്റേഷനുകളുടെ പരിധിയിലും ഞായറാഴ്ച ഇതേസമയം വൈദ്യുതി തടസ്സപ്പെടുമെന്ന് ഷൊർണൂർ ട്രാൻസ്ഗ്രിഡ് നോർത്ത് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ അറിയിച്ചു.
വടക്കൻ കേരളത്തിലെ വോൾട്ടേജ് ക്ഷാമം പരിഹരിക്കുക, വൈദ്യുതി പ്രസരണനഷ്ടം കുറക്കുക, ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള വൈദ്യുതി അവശ്യാനുസരണം തടസമില്ലാതെ മിതമായ നിരക്കിൽ ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ട്രാൻസ്ഗ്രിഡ് 2.0 പദ്ധതി നടപ്പാക്കുന്നത്.