ഡിജിറ്റൽ റീസർവേ: കണ്ണൂർ ജില്ലയിൽ ഡ്രോൺ സർവേക്ക് തുടക്കമായി
ഡിജിറ്റൽ റീ സർവേ കേരളയുടെ ഭാഗമായി ജില്ലയിൽ കണ്ണൂർ-1 വില്ലേജിന്റെ ഡ്രോൺ സർവേക്ക് തുടക്കമായി. കണ്ണൂർ ആർടി ഓഫീസ് പരിസരത്ത് കോർപറേഷൻ മേയർ അഡ്വ. ടി ഒ മോഹനൻ ആദ്യ പറക്കൽ ഉദ്ഘാടനം ചെയ്തു. വികസന പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താൻ ആധുനിക രീതിയിലുള്ള ഈ സർവേ സഹായകമാകുമെന്ന് മേയർ പറഞ്ഞു.
പൈലറ്റ് സർവേ എന്ന നിലയിൽ ജില്ലയിലെ നാലു വില്ലേജുകളിലാണ് സർവേ നടത്തുന്നത്. കണ്ണൂർ 1, 2 എന്നീ വില്ലേജുകളുടെ സർവേ ശനിയാഴ്ച (ഫെബ്രുവരി 5) പൂർത്തിയാകും. കണ്ണൂർ-1 വില്ലേജിൽ ഡ്രോൺ സർവ്വേക്ക് അനുയോജ്യമാണെന്ന് കണ്ടെത്തി അതിർത്തി നിർണയം പൂർത്തിയാക്കിയ 300 ഹെക്ടർ ഭൂമിയുടെ സർവ്വേയാണ് നടത്തുന്നത്. കോട്ടയം, തലശ്ശേരി വില്ലേജുകളിലെ സർവ്വേ അടുത്ത ഘട്ടത്തിൽ നടത്തും.
ഡിജിറ്റൽ റീസർവ്വേ പൂർത്തിയാകുന്നതോടെ 500 ഓളം സേവനങ്ങൾ ഒറ്റ ഓൺലൈൻ പോർട്ടലിൽ ഉൾപ്പെടുത്തിക്കൊണ്ടുള്ള സംയോജിത ഭൂരേഖ പോർട്ടൽ പ്രാവർത്തികമാകും. ഇതിലൂടെ സർവ്വേ, റവന്യൂ, രജിസ്‌ട്രേഷൻ വകുപ്പുകൾ നൽകുന്ന സേവനങ്ങൾ ഒറ്റ പോർട്ടലിൽ ലഭ്യമാവുകയും സംസ്ഥാനത്ത് ദീർഘകാലമായി നിലനിൽക്കുന്ന ഭൂമി സംബന്ധമായ തർക്കങ്ങൾക്കും പ്രശ്‌നങ്ങൾക്കും പരിഹാരം കണ്ടെത്താൻ കഴിയുകയും ചെയ്യും.
ഭൂമിസംബന്ധമായ വിവരങ്ങൾക്ക് കൃത്യതയും സുതാര്യതയും ഉറപ്പു വരുത്തുക, റെലിസ് (റവന്യു ലാൻഡ് ഇൻഫർമേഷൻ സിസ്റ്റം), പേൾ (പാക്കേജ് ഫോർ ഇഫക്ടീവ് അഡ്മിനിസ്ട്രേഷൻ ഓഫ് രജിസ്ട്രേഷൻ ലോസ്), ഇ-മാപ്സ് (ഇഫക്ടീവ് മാപ്പിംഗ് ആപ്ലിക്കേഷൻ പാക്കേജ് ഫോർ സർവേയിംഗ്) എന്നിവയുടെ ഏകോപനം വഴി റവന്യൂ, രജിസ്ട്രേഷൻ, സർവ്വേ എന്നീ വകുപ്പുകളിലെ സേവനങ്ങൾ ഒരുമിച്ച് ലഭ്യമാക്കുക, ഭൂമി സംബന്ധിച്ച് വിവരങ്ങളുടെ അപ്ഡേഷൻ എളുപ്പത്തിൽ സാധ്യമാക്കുക, അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കുക, അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കുന്നതിനും ഓൺലൈനായി പരിഹരിക്കുന്നതിനും സംവിധാനം ഒരുക്കുക, വസ്തുക്കളുടെ പോക്കുവരവ് വളരെ വേഗത്തിലാകുക, വികസന പ്രവർത്തനങ്ങളുടെ വേഗത വർധിപ്പിക്കുക, ഡോക്യുമെന്റേഷൻ ജോലികൾ വളരെ വേഗത്തിൽ നടത്തുക തുടങ്ങിയവയാണ് ഡിജിറ്റൽ ഭൂസർവ്വേ കൊണ്ടുള്ള നേട്ടങ്ങൾ.
കേന്ദ്രാവിഷ്‌കൃത സ്വമിത്വ പദ്ധതിയിലുൾപ്പെടുത്തി കേരളത്തിലെ മുഴുവൻ വില്ലേജുകളും സർവ്വേ ചെയ്യുന്നതിന് സർവ്വേ ഓഫ് ഇന്ത്യ ഡയറക്ടറും സംസ്ഥാന സർവ്വേ ഡയറക്ടറും ധാരണാപത്രം ഒപ്പു വെച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ 20 ശതമാനം വരുന്ന ഭൂപ്രദേശം ഡ്രോൺ ഉപയോഗിച്ചും അവശേഷിക്കുന്ന സ്ഥലങ്ങൾ കോർസ് ആർ.ടി.കെ, റോബോട്ടിക്‌സ് ഇ.ടി.എസ് എന്നീ ഉപകരണങ്ങൾ ഉപയോഗിച്ചുമാണ് സർവ്വേ ചെയ്യുക.
കോർപറേഷൻ സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷൻമാരായ സുരേഷ്ബാബു എളയാവൂർ, സിയാദ് തങ്ങൾ, എ ഡി എം കെ കെ ദിവാകരൻ, ഡെപ്യൂട്ടി കലക്ടർമാരായ ടി വി രഞ്ജിത്ത്, കെ ഷാജു, സർവേ ഡെപ്യൂട്ടി ഡയറക്ടർ സുരേശൻ കണിച്ചേരിയൻ, റീ സർവേ അസി. ഡയറക്ടർ രാജീവൻ പട്ടത്താരി, സർവേ സൂപ്രണ്ടുമാരായ കെ ബാലകൃഷ്ണൻ, എം ഉണ്ണികൃഷ്ണൻ, ശശികുമാർ ഓതായോത്ത് തുടങ്ങിയവർ പങ്കെടുത്തു.