ഡിജിറ്റൽ റീസർവേ: ജില്ലയിലെ ഡ്രോൺ സർവേക്ക് വെള്ളിയാഴ്ച കണ്ണൂരിൽ തുടക്കമാവും

ഡിജിറ്റൽ റീ സർവേ കേരളയുടെ ഭാഗമായി കണ്ണൂർ ജില്ലയിൽ കണ്ണൂർ-1 വില്ലേജിന്റെ ഡ്രോൺ സർവേ ഫെബ്രുവരി നാല് വെള്ളിയാഴ്ച നടക്കും. വ്യാഴാഴ്ച വയനാട് ജില്ലയിൽ സർവെ പൂർത്തിയാക്കിയ സർവെ ഓഫ് ഇന്ത്യയുടെ സർവേയർമാർ വെള്ളിാഴ്ച രാവിലെ കണ്ണൂരിലെത്തും. രാവിലെ 11 മണിയോടെ കണ്ണൂർ കലക്ടറേറ്റ് മൈതാനിയിൽ നിന്ന് ഡ്രോണിന്റെ ആദ്യത്തെ പറക്കൽ നടത്തും.
കണ്ണൂർ മേയർ അഡ്വ. ടി ഒ മോഹനൻ, രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ, കൗൺസിലർമാർ എന്നിവരുടെ സാന്നിധ്യത്തിൽ ജില്ലാ കലക്ടർ എസ്. ചന്ദ്രശേഖർ, എ ഡി എം കെ കെ ദിവാകരൻ, സർവേ ഡെപ്യൂട്ടി ഡയരക്ടർ സുരേശൻ കണിച്ചേരിയൻ, അസി. ഡയരക്ടർ രാജീവൻ പട്ടത്താരി എന്നിവരുടെ നേതൃത്വത്തിലാണ് ആദ്യത്തെ പറക്കൽ നടത്തുക.
ജനുവരി 27നാണ് സർവെ നിശ്ചയിച്ചിരുന്നതെങ്കിലും സാങ്കേതിക കാരണങ്ങളാൽ മാറ്റി വെക്കുകയായിരുന്നു. ഈ ഇടവേളയിൽ കണ്ണൂർ-2 വില്ലേജിന്റെ അതിർത്തി നിർണയം കൂടി നടത്താൻ സർവെ വകുപ്പിന് കഴിഞ്ഞ സാഹചര്യത്തിൽ മറ്റു സാങ്കേതിക തടസ്സങ്ങൾ ഇല്ലെങ്കിൽ രണ്ടു വില്ലേജുകളുടെ സർവേയും ഒന്നിച്ച് നടക്കും.