ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെത് രാഷ്ട്രീയ കൊലപാതകമെന്ന് പോലീസ്.

കാസര്‍ഗോഡ്: കാഞ്ഞങ്ങാട് കല്ലൂരാവിയിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെത് രാഷ്ട്രീയ കൊലപാതകം എന്ന് പോലീസ്.

യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി ഇര്‍ഷാദിന് എതിരെ പോലീസ് കേസെടുത്തു. രണ്ട് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്ക് എതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.

കൊലപാതകത്തിന് പിന്നില്‍ മുസ്ലിം ലീഗെന്ന് ആരോപിച്ച് ഡിവൈഎഫ്‌ഐയും രംഗത്തെത്തി.

ബുധനാഴ്ച രാത്രി 10.30-ഓടെയാണ് സംഭവം. തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലുമായി ബന്ധപ്പെട്ട് കലൂരാവി മേഖലയിൽ സംഘർഷം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് കൊലപാതകമെന്നാണ് സൂചന.

ഔഫിന്റെ സുഹൃത്ത് ഷുഹൈബിനും കുത്തേറ്റു. ഇവർ രണ്ടുപേരും ബൈക്കിൽ പഴയ കടപ്പുറത്തേക്ക് വരുന്നതിനിടെ കല്ലൂരാവി-പഴയ കടപ്പുറം റോഡിൽ ഒരുസംഘം അക്രമികൾ തടഞ്ഞുനിർത്തി കുത്തുകയായിരുന്നു.

ഇവരുടെ മറ്റ് രണ്ട് സുഹൃത്തുക്കൾ മറ്റൊരു ബൈക്കിൽ പിന്നാലെയുണ്ടായിരുന്നു. ഔഫിന് നെഞ്ചിലാണ് കുത്തേറ്റത്. കുത്തിയ ഉടൻ അക്രമികൾ ഇരുട്ടിലേക്ക് മറഞ്ഞു. ഔഫിനെ മൻസൂർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തില്‍ പ്രതിഷേധിച്ച് കാഞ്ഞങ്ങാട് നഗരസഭാ പരിധിയില്‍ ഇന്ന് എല്‍ഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

നെഞ്ചില്‍ ആഴത്തില്‍ മുറിവേറ്റ അബ്ദുള്‍ റഹ്മാനെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുന്നതിനിടെ മരണം സംഭവിച്ചു. മുസ്ലിം ലീഗ്- ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെയാണ് അബ്ദുള്‍ റഹ്മാന് കുത്തേറ്റത്. കൂടെ ഉണ്ടായിരുന്ന ശുഹൈബ് പരുക്കുകളോടെ രക്ഷപ്പെട്ടു