ഡിസംബര്‍ 6 ന് മണ്ഡലം തലങ്ങളില്‍ പ്രതിഷേധ ധര്‍ണ നടത്തും: എസ്ഡിപിഐ

കണ്ണൂർ : നാലര നൂറ്റാണ്ടു കാലം ഇന്ത്യന്‍ മതേതരത്വത്തിന്റെ പ്രതീകമായി നിലനിന്ന ബാബരി മസ്ജിദ് അക്രമികള്‍ തകര്‍ത്തതിന്റെ ഓര്‍മദിനമായ ഡിസംബര്‍ ആറിന് ‘ബാബരി മസ്ജിദ് പുനര്‍നിര്‍മിക്കും വരെ പോരാട്ടം തുടരും’ എന്ന മുദ്രാവാക്യമുയര്‍ത്തി ജില്ലയിൽ മണ്ഡലം തലങ്ങളില്‍ പ്രതിഷേധ ധര്‍ണ നടത്തുമെന്ന് എസ്ഡിപിഐ കണ്ണൂർ ജില്ലാ ജനറല്‍ സെക്രട്ടറി ബഷീർ കണ്ണാടിപറമ്പ് പറഞ്ഞു. ബാബരിയുടെ ചരിത്രം നീതി നിഷേധത്തിന്റെ ചരിത്രം കൂടിയാണ്. അതിന് സ്വതന്ത്ര ഇന്ത്യയുടെ അത്രയും പഴക്കമുണ്ട്. 1949 ല്‍ പള്ളിക്കുള്ളില്‍ അനധികൃത വിഗ്രഹം വെച്ചതും മസ്ജിദിന്റെ ഭൂമിയില്‍ ശിലാന്യാസം നടത്തിയതും പിന്നീട് പട്ടാപ്പകല്‍ സായുധ അക്രമികള്‍ പള്ളി തട്ടിത്തകര്‍ത്തതും മസ്ജിദിന്റെ ഭൂമി അന്യായമായി അക്രമികള്‍ക്കു തന്നെ വിട്ടു കൊടുത്തതു വരെയുള്ള നീണ്ട ചരിത്രം നീതി നിഷേധത്തിന്റേതാണ്. മസ്ജിദിന്റെ ഭൂമിയില്‍ അനധികൃത നിര്‍മാണം നടക്കുകയാണ്. പള്ളി തകര്‍ത്ത അക്രമികള്‍ കുറ്റവിമുക്തരാക്കപ്പെട്ടിരിക്കുന്നു. സംഘപരിവാരത്തിന് മസ്ജിദ് ധ്വംസനം എന്നും അധികാരത്തിലേക്കുള്ള ചവിട്ടുപടിയാണ്. യുപി തിരഞ്ഞെടുപ്പ് ലക്ഷ്യംവെച്ച് വീണ്ടും മഥുര ഷാഹി ഈദ്ഗാഹ് മസ്ജിദിനു നേരേ അവകാശ വാദം ഉന്നയിച്ചിരിക്കുകയാണ്. ബാബരി മസ്ജിദ് തകര്‍ത്ത ഡിസംബര്‍ ആറിനു തന്നെ ഷാഹി മസ്ജിദിനുള്ളില്‍ വിഗ്രഹം സ്ഥാപിക്കുമെന്ന് ഹിന്ദുത്വ സംഘടന പ്രഖ്യാപിച്ചിരിക്കുന്നു. ആ പ്രഖ്യാപനത്തിന് പിന്തുണയുമായി യുപി ഉപ മുഖ്യമന്ത്രി തന്നെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ്. ബാബരി ധ്വംസനമെന്ന അനീതി നേടിയ വിജയമാണ് അക്രമികള്‍ക്ക് ഊര്‍ജ്ജമായതെന്നും നീതിയുടെ പുനസ്ഥാപനത്തിന് രാജ്യസ്‌നേഹികളായ മുഴുവന്‍ പൗരന്മാരും പോരാട്ടത്തിന് തയ്യാറാവണമെന്നും ബഷീർ കണ്ണാടിപറമ്പ അഭ്യര്‍ത്ഥിച്ചു.

മണ്ഡലം തലങ്ങളില്‍ വൈകീട്ട് 4.30 നാണ് പ്രതിഷേധ ധര്‍ണ സംഘടിപ്പിക്കുന്നത് പേരാവൂർ മണ്ഡലത്തിൽ ഇരിട്ടിയിൽ ജില്ലാ പ്രസിഡന്റ്‌ എ സി ജലാലുദ്ധീൻ ഉദ്ഘാടനം ചെയ്യും . വിവിധ മണ്ഡലങ്ങളില്‍നടക്കുന്ന ധർണ്ണയിൽ , ജില്ലാ മണ്ഡലം നേതാക്കള്‍ ഉദ്ഘാടനം നിര്‍വഹിക്കും. സാമൂഹിക രാഷ്ട്രീയ മേഖലയിലെ വ്യക്തിത്വങ്ങൾ പങ്കെടുക്കും