ഡോണള്‍ഡ് ട്രംപ് അനുകൂലികള്‍ അമേരിക്കന്‍ പാര്‍ലമെന്റിലേക്ക് അതിക്രമിച്ച് കടന്നു;വെടിവയ്പ്പിൽ 4 മരണം

ഡോണള്‍ഡ് ട്രംപ് അനുകൂലികള്‍ അമേരിക്കന്‍ പാര്‍ലമെന്റിലേക്ക് അതിക്രമിച്ച് കടന്നിരുന്നു. ആയിരക്കണക്കിന് പേരാണ് ഇരച്ചുകയറിയത്. രണ്ടിടത്ത് നിന്ന് സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തു. അവ നിര്‍വീര്യമാക്കി.

നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ വിജയം അംഗീകരിക്കാന്‍ യുഎസ് കോണ്‍ഗ്രസിന്റെ ഇരു സഭകളും സമ്മേളിക്കുന്നതിനിടെയാണ് ആയിരക്കണക്കിനു ട്രംപ് അനുകൂലികള്‍ കാപ്പിറ്റോള്‍ മന്ദിരത്തിന് അകത്തുകടന്നത്.

ഇന്ത്യന്‍ സമയം പുലര്‍ച്ചെ ഒരുമണിയോടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. പ്രതിഷേധക്കാര്‍ കടന്നതോടെ യുഎസ് കോണ്‍ഗ്രസിന്റെ ഇരുസഭകളും അടിയന്തരമായി നിര്‍ത്തിവയ്ക്കുകയും കോണ്‍ഗ്രസ് അംഗങ്ങളെ ഒഴിപ്പിക്കുകയും ചെയ്തു. പാര്‍ലമെന്റ് സമ്മേളിക്കുന്നതിടെ ഇത്തരമൊരു സുരക്ഷാവീഴ്ച യുഎസ് ചരിത്രത്തില്‍ ഇതാദ്യമാണ്.

യുഎസ് കോണ്‍ഗ്രസിന്റെ സഭകള്‍ ചേരുന്നതിനിടെ സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ട്രംപിനെ അനുകൂലിക്കുന്നവര്‍ മന്ദിരത്തിന് പുറത്തെത്തുകയും പോലീസുമായി ഏറ്റുമുട്ടുകയായിരുന്നു. പോലീസ് ബാരിക്കേഡുകള്‍ തകര്‍ത്ത് ഇവര്‍ മന്ദിരത്തിനകത്തു കടക്കുകയായിരുന്നു

പാര്‍ലമെന്റിന്റെ ഇരുസഭകളും ചേരുന്നതിനിടെയാണ് സംഘര്‍ഷം ഉണ്ടായത്. പ്രതിഷേധക്കാരെ ഒഴിപ്പിക്കാന്‍ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. അതിക്രമിച്ച് കയറിയ ട്രംപ് അനുകൂലികള്‍ പൊലീസുമായി ഏറ്റുമുട്ടി. പൊലീസ് വെടിവയ്പില്‍ ട്രംപ് അനുകൂലിയെന്ന് സംശയിക്കുന്ന ഒരു സ്ത്രീ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു.സംഘര്‍ഷത്തിനിടെ പരിക്കേറ്റ മറ്റു മൂന്നുപേര്‍ ചികില്‍സയിലിരിക്കെയാണ് മരിച്ചതെന്നും വാഷിങ്ടണ്‍ ഡിസി പൊലീസ് മേധാവി റോബര്‍ട്ട് കോണ്ടി വ്യക്തമാക്കി.

സംഘര്‍ഷത്തിന്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പ്രതിഷേധക്കാര്‍ രാസവസ്തുക്കള്‍ കയ്യില്‍ കരുതിയിരുന്നതായി പൊലീസ് ആരോപിച്ചു.പാര്‍ലമെന്റ് വളപ്പില്‍ നിന്നും രണ്ട് പൈപ്പ് ബോംബുകള്‍ കണ്ടെടുത്തതായും പൊലീസ് അറിയിച്ചു. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ വാഷിങ്ടണില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ നീട്ടി.

നിരോധനാജ്ഞ 15 ദിവസത്തേക്ക് നീട്ടിയതായാണ് വാഷിങ്ടണ്‍ ഡിസി മേയര്‍ മുരിയേല്‍ ബൗസര്‍ അറിയിച്ചത്. കര്‍ഫ്യൂ ലംഘിച്ചതിനും കലാപം ഉണ്ടാക്കിയതിനും 52 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പാര്‍ലമെന്റിന്റെ സുരക്ഷാചുമതല സുരക്ഷാ സേന ഏറ്റെടുത്തിട്ടുണ്ട്.

അതേസമയം നവമാധ്യമങ്ങള്‍ ട്രംപിനെതിരെ നടപടിയെടുത്തു. ട്രംപിന്റെ ട്വിറ്റർ അക്കൗണ്ട് മരവിപ്പിച്ചു. 12 മണിക്കൂര്‍ നേരത്തേക്കാണ് മരവിപ്പിച്ചത്. അമേരിക്കയിലെ അക്രമവുമായി ബന്ധപ്പെട്ട എല്ലാ പോസ്റ്റുകളും ഫേസ്ബുക്ക് നീക്കം ചെയ്തു. ഡോണള്‍ഡ് ട്രംപ് പുറത്തുവിട്ട പ്രകോപനപരമായ വിഡിയോ യൂട്യൂബ് നീക്കം ചെയ്തു. സ്നാപ് ചാറ്റും ട്രംപിന് നിരോധനമേർപ്പെടുത്തി.