ഡ്രോൺ, കോർസ്, റോബോട്ടിക് ഇ.ടി.എസ്; വരുന്നു ഡിജിറ്റൽ ഭൂസർവ്വേ

ആധുനിക സാങ്കേതിക ഉപകരണങ്ങളുടെ സഹായത്തോടെ കേരളത്തിലെ മുഴുവൻ വില്ലേജുകളും ഡിജിറ്റൽ ഭൂസർവ്വേ ചെയ്യുന്നതിന്റെ ഭാഗമായി കണ്ണൂർ ജില്ലയിലെ 133 വില്ലേജുകളിലും നാല് വർഷം കൊണ്ട് ഡിജിറ്റൽ സർവ്വേ പൂർത്തിയാക്കുന്നതിന് ഒരുക്കങ്ങൾ തുടങ്ങി. ഭൂമി സംബന്ധമായ വിവരങ്ങൾ കൈകാര്യം ചെയ്തു വരുന്ന റവന്യൂ, രജിസ്ട്രേഷൻ, സർവ്വേ വകുപ്പുകളുടെ സേവനം ഒറ്റ പോർട്ടൽ വഴി നേരിട്ട് സുതാര്യമായി ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. നിലവിൽ റവന്യു വകുപ്പിന്റെ റെലിസ് (RELIS), രജിസ്ട്രേഷൻ വകുപ്പിന്റെ പേൾ (PEARL), സർവേ വകുപ്പിന്റെ ഇ-മാപ്സ് (E-MAPS) എന്നീ സോഫ്റ്റ്വെയറുകളിലൂടെയാണ് ഈ സേവനങ്ങൾ ലഭിക്കുന്നത്.
കേന്ദ്രാവിഷ്‌കൃത സ്വമിത്വ (SVAMITVA) പദ്ധതിയിലുൾപ്പെടുത്തി കേരളത്തിലെ മുഴുവൻ വില്ലേജുകളും സർവ്വേ ചെയ്യുന്നതിന് സർവ്വേ ഓഫ് ഇന്ത്യ ഡയറക്ടറും സംസ്ഥാന സർവ്വേ ഡയറക്ടറും ധാരണാപത്രം ഒപ്പു വെച്ചു കഴിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ 20 ശതമാനം വരുന്ന ഭൂപ്രദേശം ഡ്രോൺ ഉപയോഗിച്ചും, അവശേഷിക്കുന്ന സ്ഥലങ്ങൾ കോർസ് ആർ.ടി.കെ (CORS RTK), റോബോട്ടിക്സ് ഇ.ടി.എസ് എന്നീ ഉപകരണങ്ങൾ ഉപയോഗിച്ചുമാണ് സർവ്വേ നടത്തുക.
ഡിജിറ്റൽ സർവേയുടെ ആദ്യഘട്ടമെന്ന നിലയിൽ ജില്ലയിലെ തെരെഞ്ഞെടുത്ത 14 വില്ലേജുകളിൽ ഉൾപ്പെട്ട കണ്ണൂർ-1, കണ്ണൂർ-2, കോട്ടയം, തലശ്ശേരി എന്നീ ജനനിബിഡമായ വില്ലേജുകൾ ഡ്രോൺ ഉപയോഗിച്ച് സർവ്വേ ചെയ്യും. നിശ്ചിത സമയത്തിനകം സർവ്വെ പൂർത്തിയാക്കാൻ ഭൂവുടമകളുടെ അറിവും സമ്മതവും പൂർണമായ സഹകരണവും ആവശ്യമുണ്ട്.. ആദ്യഘട്ടത്തിൽ ഡ്രോൺ സർവ്വേ കണ്ണൂർ താലൂക്കിലെ കണ്ണൂർ-1 വില്ലേജിൽ ജനുവരി 27, 28 തീയ്യതികളിലും കണ്ണൂർ-2 വില്ലേജിൽ ഫെബ്രുവരി 28 മുതൽ മാർച്ച് രണ്ട് വരെയും നടത്തും. രണ്ടാം ഘട്ടത്തിൽ തലശ്ശേരി താലൂക്കിലെ കോട്ടയം വില്ലേജിൽ ഫെബ്രുവരി 11 മുതൽ 14 വരെയും തലശ്ശേരി വില്ലേജിൽ മാർച്ച് 21 മുതൽ 22 വരെയും ഡ്രോൺ സർവ്വേ നടത്തും. ഇതിന്റെ ഭാഗമായി കണ്ണൂർ-1 വില്ലേജിൽ ഗ്ലോബൽ പൊസിഷനിംഗ് സിസ്റ്റം (ജി.പി.എസ്) സ്ഥാപിക്കുന്ന ജോലി തുടങ്ങിയിട്ടുണ്ട്.