ഡ്രൈവിങ്ങിനിടെ മൊബൈൽ ഉപയോഗിച്ചാൽ 2000, ലൈസൻസില്ലെങ്കിൽ 5000; റോഡ്‌ നിയമലംഘനങ്ങൾക്ക്‌ തടയിടാൻ മോട്ടോർ വാഹന വകുപ്പ്‌

തിരുവനന്തപുരം റോഡ്‌ സുരക്ഷയുടെ ഭാഗമായി സംസ്ഥാനത്ത്‌ ഗതാഗത നിയമങ്ങൾ കർശനമാക്കാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്‌. ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുന്ന നാലുവയസ്സിനു മുകളിലുള്ളവർക്കും ഹെൽമറ്റ്‌ നിർബന്ധമാക്കും. കേന്ദ്രമോട്ടോർ വാഹന നിയമം സെക്‌ഷൻ 129 ന്റെ ചുവട്‌ പിടിച്ചാണിത്‌. തുടർ നിയമ ലംഘനങ്ങൾക്ക്‌ ഡ്രൈവിങ്‌ ലൈസൻസ്‌ സസ്‌പെൻഡ്‌ ചെയ്യുന്നത്‌ ഉൾപ്പെടെയുള്ള നടപടിയും സ്വീകരിക്കും.
20 മുതൽ 14 ജില്ലകളിലായി 675 എഐ (നിർമിത ബുദ്ധി) കാമറകൾവഴി പിഴയിട്ടു തുടങ്ങും. അന്നുമുതൽ ഡ്രൈവിങ്‌ ലൈസൻസുകൾ പിവിസി കാർഡിലേക്ക്‌ മാറും. ഇത്‌ മോട്ടോർ വാഹന വകുപ്പിന്റെ വെബ്‌ സൈറ്റുമായി ബന്ധിപ്പിക്കും. നിയമലംഘനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ കാർഡിലെ ക്യുആർ കോഡ്‌ സ്‌കാൻ ചെയ്യുമ്പോൾ ഉദ്യോഗസ്ഥർക്ക്‌ അറിയാനാകും. തുടർ നിയമലംഘനങ്ങൾ നടത്തിയാൽ പിടികൂടുന്നതിനുണ്ടായിരുന്ന പരിമിതി ഇതോടെ മാറും.

പിഴ ഇങ്ങനെ
ഹെൽമറ്റില്ലാത്ത യാത്ര – 500 രൂപ
രണ്ടാംതവണ – 1000
ലൈസൻസില്ലാതെയുള്ള യാത്ര -5000
ഡ്രൈവിങ്ങിനിടയിലെ മൊബൈൽ ഉപയോഗം – 2000
അമിതവേഗം – 2000
മദ്യപിച്ച്‌ വാഹനമോടിച്ചാൽ – ആറുമാസം തടവ്‌ അല്ലെങ്കിൽ 10000 രൂപ
രണ്ടാംതവണ – രണ്ട്‌ വർഷം തടവ്‌ അല്ലെങ്കിൽ 15000 രൂപ
ഇൻഷുറൻസില്ലാതെ വാഹനം ഓടിച്ചാൽ – മൂന്നുമാസം തടവ്‌ അല്ലെങ്കിൽ 2000
രണ്ടാംതവണ – മൂന്നു മാസം തടവ്‌ അല്ലെങ്കിൽ 4000 രൂപ
ഇരുചക്ര വാഹനത്തിൽ രണ്ടിൽ കൂടുതൽ പേരുണ്ടെങ്കിൽ – 1000
സീറ്റ്‌ ബെൽറ്റില്ലെങ്കിൽ ആദ്യതവണ -500

ആവർത്തിച്ചാൽ – 1000