ഡൽഹി എയിംസിൽ നഴ്സുമാരുടെ സമരത്തിനിടെ സംഘർഷം;മലയാളി നഴ്സുമാർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്

ന്യൂഡൽഹി: ഡൽഹി എയിംസിൽ നഴ്സുമാരുടെ സമരത്തിനിടെയുണ്ടായ സംഘർഷത്തിൽ മലയാളി നഴ്സുമാർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു.

തിങ്കളാഴ്ച വൈകിട്ട് നാലുമണിക്ക് ആരംഭിച്ച പണിമുടക്ക് രാത്രിയും തുടർന്നു. ചൊവ്വാഴ്ച രാവിലെയാണ് അപ്രതീക്ഷിതമായി പോലീസിന്റെ ഇടപെടൽ ഉണ്ടായത്

സമരം ചെയ്യുന്ന നഴ്സുമാരെ ബലം പ്രയോഗിച്ച് നീക്കം ചെയ്യുകയുമായിരുന്നു. ഇത് സംഘർത്തിൽ കലാശിക്കുകയായിരുന്നു.

എയിംസിന്റെ കോമ്പൗണ്ടിനകത്താണ് നഴ്സുമാർ പണിമുടക്ക് നടത്തുന്നത്. അനിശ്ചിതകാല സമരമാണ് നഴ്സുമാർ പ്രഖ്യാപിച്ചത്. ഒ.പിയുടെ പ്രവർത്തനവും ഒപ്പം തന്നെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും സ്തംഭിപ്പിച്ചുകൊണ്ടാണ് നഴ്സുമാർ പണിമുടക്കുന്നത്.

ഏകദേശം 5,000 ത്തോളം നഴ്സുമാരാണ് എയിംസിൽ തൊഴിലെടുക്കുന്നത്.വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് നഴ്സുമാരുടെ സംഘടന ഡൽഹി എയിംസിൽ തിങ്കളാഴ്ച സമരം ആരംഭിച്ചത്. ആറാം ശമ്പള പരിഷ്കരണ കമ്മീഷൻ നിർദ്ദേശിച്ച ശമ്പളം അടക്കമുള്ളവ നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് നഴ്സുമാരുടെ സംഘടന സമരം നടത്തുന്നത്.