തകര്‍ന്ന ക്ഷേത്രങ്ങളുടെ നാട് – ലക്കുണ്ടി
തകര്‍ന്ന ക്ഷേത്രങ്ങളുടെ നാട് എന്നറിയപ്പെടുന്ന സ്ഥലമാണ് ലക്കുണ്ടി. കര്‍ണാടകയിലാണ് ലക്കുണ്ടി സ്ഥിതി ചെയ്യുന്നത്.
ഒരു കാലത്ത് ക്ഷേത്രങ്ങള്‍ മാത്രമായിരുന്നു ഇവിടെ കാണുവാനുണ്ടായിരുന്നത്. ഇന്ന് അവയില്‍ പലതും ചരിത്രത്തിലേക്കു തന്നെ മറഞ്ഞുവെങ്കിലും ചിലത് ഇന്നും നശിക്കാതെ ഇവിടെയുണ്ട്.

തകര്‍ന്നതും അല്ലാത്തുമായ 50 ഓളം പുരാതന ക്ഷേത്രങ്ങളും 101 പടവ് കിണറുകളുമാണ് ഇവിടെയുളളത്. ഇത് ഗ്രാമത്തില് അങ്ങോളമിങ്ങോളം കാണുവാന്‍ സാധിക്കും. ചാലൂക്യ ഭരണകാലത്തില്‍ തുടങ്ങി കാലാച്ചുരി, സ്യൂന, പിന്നെ ഹൊയ്‌ലാസ വരെ നീണ്ടു കിടക്കുന്നതാണ് ഇതിന്റെ ചരിത്രം. പുരാതന കാലത്ത് ക്ഷേത്രങ്ങളുടെ നിര്‍മ്മാണ വിദ്യയ്ക്ക് പേരുകേട്ട പ്രദേശമായിരുന്നു ഇവിടം.

ലോക്കി ഗുണ്ടി എന്നാണ് ലക്കുണ്ടിയെ പുരാതന രേഖകളിലും മറ്റും പ്രതിപാദിച്ചിരിക്കുന്നത്. രാഷ്ട്രകുട ഭരണാധികാരികളുടെ കീഴിലായിരുന്ന ലക്കുണ്ടിയുടെ ചരിത്രം തുടങ്ങുന്നത് 9-10 നൂറ്റാണ്ടുകളില്‍ ചാലൂക്യന്മാര്‍ കീഴടക്കിയതോടെയാണ്. കല്യാണിയെ തലസ്ഥാനമാക്കിയതും അവരാണ്. ഇന്ന് അതിന്റ യാതൊരു ശേഷിപ്പുകളും കാണുവാനേയില്ല. പില്‍ക്കാലത്തെ മിക്ക ചാലൂക്യ ക്ഷേത്രങ്ങളും ലക്കുണ്ടിയില്‍ കാണാം. ക്ഷേത്ര നിര്‍മ്മാണത്തില്‍ ചാലൂക്യ കല്യാണി ശാലി വന്നത് ഇവിടെനിന്നുമാണ്. 12-ാം നൂറ്റാണ്ടോടുകൂടി അത് അതിന്റെ പൂര്‍ണ്ണതയിലെത്തുകയും അതിനെ അടിസ്ഥാനമാക്കി ധാരാളം ക്ഷേത്രങ്ങള്‍ ഇവിടെ ഉയര്‍ന്നു വരുകയും ചെയ്തു. കാശിവിശ്വേശ്വര ക്ഷേത്രം, ലക്കുണ്ടി, മല്ലികാര്‍ജുന കുറുവത്തിക്കി, മഹാദേവ ക്ഷേത്രം എന്നിവ പില്‍ക്കാല ചാലൂക്യ വാസ്തുശില്പികള്‍ നിര്‍മ്മിച്ച മികച്ച ഉദാഹരണമാണ്

ഹൈന്ദവ ക്ഷേത്രങ്ങള്‍ കൂടാതെ ജൈന്‍ ആരാധനാലയങ്ങളും ഇവിടെ കാണുവാന്‍ സാധിക്കും. അതിലൊന്നാണ് ബ്രഹ്മ ജൈനാലയ അഥവാ ആദിനാഥ ബസഡി എന്നറിയപ്പെടുന്ന ജൈന ക്ഷേത്രം.കര്‍ണ്ണാടകയിലെ ക്ഷേത്രങ്ങളുടെ ഏറ്റവും മകുടോദാഹരണങ്ങളിലൊന്നാണിത്.