തദ്ദേശ തിരഞ്ഞെടുപ്പ്; നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്

നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും. ഇന്നലെ വൈകീട്ട് ആറിനാണ് പത്രികാ സമര്‍പ്പണ സമയം അവസാനിച്ചത്. ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ റിട്ടേണിങ് ഓഫിസര്‍മാരുടെ ഓഫിസുകളില്‍ ഇന്ന് രാവിലെ ഒമ്ബതു മുതല്‍ സൂക്ഷ്മ പരിശോധന ആരംഭിക്കും.

1 ലക്ഷത്തി 68,028 പേരാണ് നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിച്ചത്. കൊവിഡ് പശ്ചാത്തലത്തില്‍ സൂക്ഷ്മ പരിശോധനയുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയിട്ടുണ്ട്.

തിരക്കു നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സിവില്‍ സ്റ്റേഷനിലും മറ്റിടങ്ങളിലും പ്രവര്‍ത്തിക്കുന്ന റിട്ടേണിങ് ഓഫിസര്‍മാരുടെ ഓഫിസുകളില്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്സ്ഥാനാര്‍ത്ഥിക്കൊപ്പം തെരഞ്ഞെടുപ്പ് ഏജന്റ്, നിര്‍ദ്ദേശകന്‍, സ്ഥാനാര്‍ത്ഥി എഴുതി നല്‍കുന്ന ഒരാള്‍ എന്നിവര്‍ക്ക് മാത്രമേ വരണാധികാരിയുടെ മുറിയിലേക്ക് പ്രവേശനമുണ്ടാകൂ. ഈ മാസം 23ന് ആണ് നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി.

സൂക്ഷ്മ പരിശോധന നടക്കുന്ന സ്ഥലത്ത് കര്‍ശനമായി സാമൂഹിക അകലം പാലിക്കണം. ഇതനുസരിച്ചാണ് എല്ലായിടത്തും ഇരിപ്പിടങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. സൂക്ഷ്മ പരിശോധനാ വേളയില്‍ വരണാധികാരി, ഉപവരണാധികാരി, സഹവരണാധികാരി എന്നിവര്‍ നിര്‍ബന്ധമായും മാസ്‌ക്, ഫെയ്സ് ഷീല്‍ഡ്, കൈയുറ, സാനിറ്റൈസര്‍ എന്നിവ ഉപയോഗിക്കണമെന്നും തിരുവനന്തപുരം കലക്ടര്‍ പറഞ്ഞു.