തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടേത് ആവേശകരമായ വിജയമെന്ന് മുഖ്യമന്ത്രി.

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടേത് ആവേശകരമായ വിജയമെന്ന് മുഖ്യമന്ത്രി. ഇത് ജനങ്ങളുടെ വിജയമാണ്. കേരള രാഷ്ട്രീയത്തിൽ യുഡിഎഫ് അപ്രസക്തമാകുന്നു. വർഗീയശക്തികൾക്ക് ഇടമില്ലെന്ന് തെളിയിച്ചു. സർക്കാർ ജനങ്ങളോടൊപ്പം നിന്നു. പ്രകടനപത്രികയിൽ പറഞ്ഞ സമാനതകളില്ലാത്ത വികസനത്തിനാണ് ശ്രമിച്ചത്. പ്രകടന പത്രികയിൽ പറഞ്ഞ 600ൽ 570 ഉം നടപ്പാക്കി.

ബിജെപിയുടെ അവകാശവാദം തകർന്നടിഞ്ഞു. സംശുദ്ധമായ മുന്നണി മികച്ച വിജയം നേടി എന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തെ തകർക്കാൻ ശ്രമിക്കുന്നവർക്ക് ജനങ്ങളുടെ മറുപടിയാണിത്. ഭരണത്തിനുള്ള അംഗീകാരമാണ്.നുണപ്രചരണങ്ങൾക്കെതിരെ ജനം ഉചിതമായ മറുപടി നൽകി.ഒറ്റപ്പെട്ട ജയമല്ല, സമസ്താധിപത്യം നേടാൻ ആയെന്നും മുഖ്യമന്ത്രി. ചില വികല മനസ്സുകൾ തരംതാണ അസംബന്ധങ്ങൾ വിളിച്ചു പറഞ്ഞു.

അതിനു പ്രാധാന്യം കൊടുത്തു ചില മാധ്യമങ്ങൾ വാർത്ത നൽകി. അതിനൊന്നും ജനം ചെവികൊടുത്തില്ല. ബിജെപിയും കോൺഗ്രസും മാധ്യമങ്ങളെ കൂട്ടുപിടിച്ച് ദുഷ്പ്രചരണം നടത്തി. കേന്ദ്രഏജൻസികളെയും ഇവർ കൂട്ടുപിടിച്ചു. കുപ്രചാരണങ്ങൾ തള്ളിക്കളഞ്ഞ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നതായും മുഖ്യമന്ത്രി പറഞ്ഞു.