തദ്ദേശ തെരഞ്ഞെടുപ്പ്; ചെലവ് കണക്കുകളുടെ സമര്‍പ്പണം അവസാന ദിവസത്തേക്ക് നീട്ടിവയ്ക്കരുതെന്ന് ജില്ലാ കലക്ടര്‍


കഴിഞ്ഞ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന പൊതുതെരഞ്ഞെടുപ്പില്‍ മല്‍സരിച്ച സ്ഥാനാര്‍ഥികള്‍ നിയമപ്രകാരം സമര്‍പ്പിക്കേണ്ട തെരഞ്ഞെടുപ്പ് ചെലവ് കണക്കുകളുടെ സമര്‍പ്പണം വേഗത്തിലാക്കാന്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു.

കേരള പഞ്ചായത്ത് രാജ് ആക്ട് 86ാം വകുപ്പ്, കേരള മുനിസിപ്പാലിറ്റി നിയമം 142ാം വകുപ്പ് എന്നിവ പ്രകാരം ഫലപ്രഖ്യാപനം വന്ന് 30 ദിവസത്തിനകം തിരഞ്ഞെടുപ്പ് ചെലവ് കണക്ക് അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന് സ്ഥാനാര്‍ഥികള്‍ സമര്‍പ്പിക്കണമെന്നാണ് വ്യവസ്ഥ. ഇതുപ്രകാരം 2021 ജനുവരി 14 ആണ് കണക്ക് സമര്‍പ്പിക്കേണ്ട അവസാന ദിവസം. എന്നാല്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിലനില്‍ക്കുന്ന നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ അവസാന ദിവസം ഉണ്ടാകുന്ന തിരക്കൊഴിവാക്കാന്‍ പരമാവധി നേരത്തെ കണക്കുകള്‍ സമര്‍പ്പിക്കാന്‍ സ്ഥാനാര്‍ത്ഥികള്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

ഗ്രാമ പഞ്ചായത്ത് സ്ഥാനാര്‍ഥികള്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്കും ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാര്‍ഥികള്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്കും ജില്ലാ പഞ്ചായത്ത്, കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി സ്ഥാനാര്‍ത്ഥികള്‍ ജില്ലാ കലക്ടര്‍ക്കുമാണ് കണക്ക് സമര്‍പ്പിക്കേണ്ടത്.
സ്ഥാനാര്‍ത്ഥി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട തിയ്യതിക്കും തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച തിയ്യതിക്കും ഇടയിലുള്ള (രണ്ട് തിയ്യതികളും ഉള്‍പ്പെടെ) ചെലവുകളുടെ കണക്കാണ് നല്‍കേണ്ടത്.

എന്‍ 30 നമ്പര്‍ ഫോറത്തില്‍ സമര്‍പ്പിക്കുന്ന കണക്കിനോടൊപ്പം ചെലവുകളുടെ രശീതി, വൗച്ചര്‍, ബില്ല് തുടങ്ങിയവയുടെ സ്ഥാനാര്‍ത്ഥി ഒപ്പ് വച്ച പകര്‍പ്പും നിര്‍ബന്ധമായും നല്‍കണം. ഒറിജിനല്‍ സ്ഥാനാര്‍ത്ഥി സൂക്ഷിക്കണം. സ്ഥാനാര്‍ത്ഥി നേരിട്ടാണ് കണക്ക് സമര്‍പ്പിക്കേണ്ടതെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.