തപാൽ ബാലറ്റിന് അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി; അപേക്ഷ സമർപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
തപാൽ ബാലറ്റിന് അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി അപേക്ഷ സമർപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
1) ഗ്രാമ പഞ്ചായത്ത് പ്രദേശത്ത് താമസിക്കുന്നവർക്ക് 3 വോട്ടുകളാണുള്ളത് (ഗ്രാമ/ബ്ലോക്ക്/ ജില്ലാ പഞ്ചായത്ത് തലങ്ങളിലേക്ക്). ഓരോ തലങ്ങളിലേക്കുമുള്ള തപാൽ ബാലറ്റ് ലഭിക്കുന്നതിനായി നിശ്ചിത ഫോറത്തിൽ പ്രത്യേകം അപേക്ഷ സമർപ്പിക്കണം (3 എണ്ണം). ആവശ്യമെങ്കിൽ അപേക്ഷാ ഫോറം പകർപ്പെടുത്തും ഉപയോഗിക്കാവുന്നതാണ്.
2) ഗ്രാമ പഞ്ചായത്ത് ബാലറ്റിനായുള്ള അപേക്ഷ ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത് വരണാധികാരിക്കും, ബ്ലോക്ക്/ജില്ലാ പഞ്ചായത്ത് തപാൽ ബാലറ്റുകൾക്കുള്ള അപേക്ഷ ബന്ധപ്പെട്ട ബ്ലോക്ക് വരണാധികാരിയ്ക്കാണ് സമർപ്പിക്കേണ്ടത്
3) ബ്ലോക്ക്/ജില്ലാ പഞ്ചായത്ത് തപാൽ ബാലറ്റിനുള്ള അപേക്ഷയിൽ ഗ്രാമ പഞ്ചായത്തിൻ്റെ പേര്, വാർഡിൻ്റെ പേര്, വാർഡ് നം. എന്നിവ കൂടി രേഖപ്പെടുത്തുന്നത് ഉചിതമായിരിക്കും.
4) നഗരസഭാ വാർഡുകളിലേക്കും കോർപ്പറേഷൻ ഡിവിഷനുകളിലേക്കുമുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തപാൽ ബാലറ്റിനായുള്ള അപേക്ഷ ബന്ധപ്പെട്ട നഗരസഭാ വാർഡ്/കോർപ്പറേഷൻ ഡിവിഷൻ വരണാധികാരിക്ക് സമർപ്പിക്കണം. നഗരസഭ വാർഡ്/കോർപ്പറേഷൻ ഡിവിഷനുകളിലെ വോട്ടർമാർക്ക് ഒരു വോട്ട് മാത്രമേ ഉള്ളൂയെന്നതിനാൽ ഒരു അപേക്ഷ മാത്രമാണ് അയയ്ക്കേണ്ടത്.
5) തപാൽ ബാലറ്റിനായുള്ള നിശ്ചിത മാതൃകയിലെ അപേക്ഷയിൽ ആവശ്യപ്പെട്ടിട്ടുള്ള വിവരങ്ങൾ പൂർണ്ണമായും രേഖപ്പെടുത്തി വേണം അപേക്ഷ സമർപ്പിക്കേണ്ടത്. ഏത് തലത്തിലേക്കുള്ള (ഗ്രാമ/ബ്ലോക്ക്/ജില്ലാ പഞ്ചായത്ത്, നഗരസഭാ വാർഡ്/കോർപ്പറേഷൻ ഡിവിഷൻ) തപാൽ ബാലറ്റിനാണോ അപേക്ഷിക്കുന്നത് ആ തലത്തിൻ്റെ പേര്, നം. എന്നിവയും വോട്ടറുടെ മേൽവിലാസം, വോട്ടർ പട്ടികയിലെ ക്രമ നം., ഭാഗം നം. (പാർട്ട് നം.) എന്നിവയും കൃത്യമായി രേഖപ്പെടുത്തി വേണം അപേക്ഷ സമർപ്പിക്കേണ്ടത്. ടി രേഖപ്പെടുത്തലുകളിൽ പിശക് വരുന്ന പക്ഷം തപാൽ ബാലറ്റ് ലഭിക്കാത്ത സാഹചര്യമുണ്ടാകുന്നതാണ്.
6) വോട്ടർ പട്ടികയിലെ ക്രമ നം, ഭാഗം നം. എന്നിവ അറിയുന്നതിന് http://www.lsgelection.kerala.gov.in/ എന്ന ലിങ്ക് ഉപയോഗിക്കുക
7) തെരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിച്ചിട്ടുള്ള ഉത്തരവിൻ്റെ പകർപ്പ് നിർബ്ബന്ധമായും തപാൽ ബാലറ്റിനുള്ള അപേക്ഷയോടൊപ്പം ഉൾക്കൊള്ളിച്ചിരിക്കേണ്ടതാണ്.
8) അപേക്ഷകൾ നേരിട്ടോ, വരണാധികാരിയുടെ കൃത്യമായ മേൽവിലാസം രേഖപ്പെടുത്തി തപാൽ മുഖേനയോ നൽകാവുന്നതാണ്.
9) തപാൽ ബാലറ്റിനുള്ള അപേക്ഷകൾ 12.12.2020ന് വൈകുന്നേരം 5 മണി വരെ സ്വീകരിക്കപ്പെടുമെങ്കിലും അവസാന സമയം വരെ കാത്തു നിൽക്കാതെ ഉടൻ തന്നെ അപേക്ഷകൾ സമർപ്പിക്കുന്നതായിരിക്കും ഉചിതം.