തമിഴ്നാടിന്റെ പല ഭാഗങ്ങളിലും ഇന്നും നാളെയും കനത്ത മഴക്ക് സാധ്യത

ചെന്നൈ: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതിനാൽ ചെന്നൈ നഗരത്തിലടക്കം തമിഴ്നാടിന്റെ പല ഭാഗങ്ങളിലും ഇന്നും നാളെയും കനത്ത മഴക്ക് സാധ്യതയെന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ഇതേ തുടർന്ന് ചെന്നൈയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദത്തിന്റെ പശ്ചാത്തലത്തിൽ ചെന്നൈയിലും സമീപ ജില്ലകളിലും ഇടിയോടുകൂടിയ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലവസ്ഥാ വിഭാഗം പ്രവചിച്ചിരിക്കുന്നത്.

ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം അടുത്ത 12 മണിക്കൂറിനുള്ളിൽ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് നാളെ പുലർച്ചയോടെ വടക്കൻ തമിഴ്നാട് തീരത്ത് എത്താൻ സാധ്യതയുണ്ടെന്ന് പ്രാദേശിക കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. വൈകുന്നേരത്തോടെ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് വടക്കൻ തമിഴ്നാട്ടിലെ കാരയ്ക്കലിനും തെക്കൻ ആന്ധ്രാപ്രദേശ് തീരത്തെ കടലൂരിനും ഇടയിൽ തീരം കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.