‘തരൂർ മണ്ഡലത്തെ കുടുംബ സ്വത്താക്കാൻ അനുവദിക്കരുത് ‘; മന്ത്രി എ. കെ ബാലനെതിരെ പോസ്റ്റർ

പാലക്കാട്:മന്ത്രി എ. കെ ബാലനെതിരെ പാലക്കാട് ന​ഗരത്തിൽ പോസ്റ്റർ പ്രതിഷേധം. മന്ത്രിയുടെ ഭാര്യ ഡോ. പി. കെ ജമീലയെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചതിനെതിരെയാണ് പ്രതിഷേധം. തരൂർ മണ്ഡലത്തെ കുടുംബ സ്വത്താക്കാൻ അനുവദിക്കരുതെന്ന് പോസ്റ്ററിൽ പറയുന്നു.

ഇന്ന് രാവിലെയാണ് പാലക്കാട് നഗരത്തിലെ പല പ്രദേശങ്ങളിലും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. സിപിഎം ഓഫീസ് സ്ഥിതി ചെയ്യുന്ന വിക്ടോറിയ കോളേജ് പരിസരം, മന്ത്രി എ.കെ. ബാലന്റെ വീടുള്ള പറക്കുന്നം, പ്രസ് ക്ലബ് പരിസരം എന്നിവിടങ്ങളിൽ പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്. കുടുംബാധിപത്യം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് പോസ്റ്ററുകൾ. പോസ്റ്ററുകൾ പലതും കീറിയ നിലയിലാണ്. ആരുടേയും പേരെടുത്ത് പറയാതെ സേഫ് കമ്മ്യൂണിസ്റ്റ് എന്ന പേരിലാണ് പോസ്റ്ററുകൾ.

നട്ടെല്ലുള്ള കമ്മ്യൂണിസ്റ്റുകാർ തിരിച്ചടിക്കും. അധികാരമില്ലാതെ പറ്റില്ലെന്ന ചിന്താ​ഗതി എൽഡിഎഫ് തുടർഭരണം ഇല്ലാതാക്കും. രാഷ്ട്രീയത്തിലെ കുടുംബാധിപത്യം അവസാനിപ്പിക്കണമെന്നും പോസ്റ്ററിൽ ആവശ്യപ്പെടുന്നു.